ഭാവിയില്‍ വിവാഹവേദിയില്‍ ഈ സാധനമുണ്ടാകുക പേരിന് മാത്രം; പലരും ഇപ്പോള്‍ തന്നെ 'ഉപേക്ഷിച്ച്' തുടങ്ങി

Sunday 07 September 2025 12:02 AM IST

കൊച്ചി: സര്‍വ്വകാല റെക്കാഡുകളില്‍ അനുദിനം മാറ്റം വരുത്തി കുതിപ്പുതുടര്‍ന്ന് സ്വര്‍ണവില. 80,000 രൂപയെന്ന പുതിയ റെക്കാഡ് തൊടാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇന്നലെ പവന് 640 രൂപ കൂടി 79, 560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. സെപ്തംബര്‍ തുടങ്ങി ആറുദിവസം കൊണ്ട് 2000 രൂപയാണ് കൂടിയത്. പണിക്കൂലിയും നികുതിയും ചേര്‍ത്ത് 85,000 രൂപ നല്‍കിയാലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. ജനുവരി 22നാണ് പവന് ആദ്യമായി 60,000 രൂപയായത്. 24 കാരറ്റിന് പവന് 86,792 രൂപയും ഗ്രാമിന് 10,849 രൂപയുമാണ് വില.

ചിങ്ങമാസം മലയാളികള്‍ക്ക് വിവാഹസീസണ്‍ കൂടിയായതിനാല്‍ വില അനുദിനം കൂടുന്നത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. കരുതലോടെ സ്വര്‍ണനിക്ഷേപം നടത്താനുള്ള പ്ലാനുകളും മറ്രും ജൂവല്ലറികള്‍ കൊണ്ടുവരുന്നുണ്ട്. കൂടാതെ, 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളില്‍ നിന്ന് 18 കാരറ്റിലേക്കും മലയാളി ചുവടുമാറ്റം നടത്തുന്നുണ്ട്.

ആറുവര്‍ഷം, 200ശതമാനം വര്‍ദ്ധന

കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് സ്വര്‍ണത്തിന് 200ശതമാനമാണ് വില വര്‍ദ്ധിച്ചത്. റഷ്യ-യുക്രൈയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കേന്ദ്രബാങ്കുകള്‍ക്കിടയില്‍ തന്ത്രപരമായ ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന് സ്വീകാര്യത ഏറിയതാണ് സമീപകാലത്ത് ആഗോളതലത്തില്‍ സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണം. സ്വര്‍ണത്തോടുള്ള വൈകാരികമായ അടുപ്പം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയിലും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു.

ഭൗമ രാഷ്ട്രീയ സംഘര്‍ങ്ങള്‍ വര്‍ദ്ധിച്ചത്: വിവിധ രാഷ്ട്രങ്ങള്‍ക്കിടയിലെ യുദ്ധങ്ങളും യുദ്ധസമാന സാഹചര്യങ്ങളും കാലാവസ്ഥയിലെ വ്യതിയാനവുമെല്ലാം നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് അടുപ്പിച്ചു .

യു.എസ് ഡോളറിന്റെ ശക്തി കുറഞ്ഞത് : കേന്ദ്ര ബാങ്കുകള്‍ ഡോളറിന്റെ മേല്‍ ആശ്രയം കുറയ്ക്കുകയും പകരം സ്വര്‍ണത്തെ മികച്ച നിക്ഷേപമായി കരുതുകയും ചെയ്യുന്നു

കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികനില തകര്‍ന്നടിയാതിരിക്കാന്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഇത് വിപണിയിലുണ്ടാക്കിയ അസ്ഥിരതയ്ക്കിടയില്‍ സ്വര്‍ണം സുരക്ഷിതനിക്ഷേപമാണെന്ന തോന്നലുണ്ടാക്കി.

സ്വര്‍ണവിലയ്ക്ക് കുതിപ്പേകുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍

1. റഷ്യ-യുക്രൈന്‍ യുദ്ധം

2. യു.എസ് ബാങ്കിംഗ് പ്രതിസന്ധി

3. മദ്ധ്യ പൂര്‍വേഷ്യന്‍ സംഘര്‍ഷം

4. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം

5. ആഗോളതലത്തിലെ ഡീ ഡോളറൈസേഷന്‍ ശ്രമങ്ങള്‍