കുതി​ക്കാൻ ഒരുങ്ങി​ പള്ളിയോടങ്ങൾ

Sunday 07 September 2025 12:28 AM IST

പത്തനംതിട്ട : ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാൻ പള്ളിയോടകരകൾ അവസാന വട്ട തയ്യാറെടുപ്പിലാണ്. പള്ളിയോടങ്ങൾ മിക്കതും കരയ്ക്ക് കയറ്റി സ്ലീക്ക് അടിക്കുന്ന തിരക്കിലാണ്. മത്സരത്തിൽ പങ്കെടുക്കുമ്പോൾ വേഗത്തിൽ നീങ്ങാനാണ് സ്ലിക്ക് അടിക്കുന്നത്. ചില പള്ളിയോടങ്ങൾ തടി ചുരണ്ടി പുട്ടി അടിച്ചാണ് സ്ലീക്ക് പുരട്ടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മിക്ക പള്ളിയോടക്കരകളും തുഴച്ചിൽ പരിശീലനം നടത്തി​യത് ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിനായി മാസങ്ങൾക്ക് മുന്നേ പ്രത്യേക ചെങ്ങാടങ്ങൾ തയ്യാറാക്കി വിദഗ്ധരുടെ കീഴിൽ പരിശീലനം തുടങ്ങിയിരുന്നു. ഒരേ താളത്തിൽ തുഴയെറിയുന്നതിനൊപ്പം കായികക്ഷമത വർദ്ധിപ്പിക്കാനുതകുന്ന ശാരീരിക പരിശീലനവും യുവാക്കൾക്ക് നല്കുന്നുണ്ട്. പടിഞ്ഞാറൻ തുഴച്ചിൽക്കാരെ കൂലി കൊടുത്ത് പള്ളിയോടങ്ങളിൽ ഏർപ്പെടുത്തുന്ന രീതി ഇത്തവണ വിലക്കിയിട്ടുണ്ട്. തെയ് തെയ് തെയ് തോ താളത്തിൽ മത്സരിക്കണമെന്നും കൈകൾ കൊണ്ടുള്ള താളം മാത്രമേ അനുവദിക്കുകയുള്ളുവെന്ന് പള്ളിയോട സേവാസംഘം നി​ർദേശി​ക്കുന്നുണ്ടെങ്കിലും പരിശീലനത്തിൽ പടിഞ്ഞാറൻ താളവും സജീവമാണ്. മത്സരത്തിന്റെ ആവേശത്തിൽ പുതുതലമുറ ഓരോ കരയിലും സജീവമാവുകയാണ്. വിജയം ലക്ഷ്യമാക്കി പള്ളിയോടങ്ങളുടെ രൂപഘടനയിലും മാറ്റം വരുത്തുന്നുന്നുണ്ട്.

അഴകാകാൻ 51 കരകൾ

ഇത്തവണ ബി ബാച്ചിൽ ഉൾപ്പെട്ട റാന്നി പള്ളിയോടം പങ്കെടുക്കില്ല . കേടുപാടുകൾ തീർത്ത് നീരണിയാൻ സാധിക്കാത്തതിനാൽ റാന്നി പള്ളിയോടത്തിന് ജലമേളയിൽ പങ്കെടുക്കാൻ കഴിയുകയില്ല . മുതവഴി പള്ളിയോടം ജല ഘോഷയാത്രയിൽ പങ്കെടുക്കും. മത്സരവളളം കളിയിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് കത്തു നല്കിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കീക്കൊഴൂർ പേരൂർച്ചാൽ തിരുവോണം ജലോത്സവത്തിൽ പങ്കെടുക്കവെ മറിഞ്ഞ് അമരത്തിന് കേടുപാടുകൾ സംഭവിച്ച അയിരൂർ പള്ളിയോടത്തിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും കേടുപാടുകൾ തീർത്ത് ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കും. ഇതോടെ 51 പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും 50 പള്ളിയോടങ്ങൾ മത്സര വള്ളംകളിയിലും പങ്കെടുക്കും.