ഓണം കളറാക്കി 92.7 ബിഗ് എഫ്എം ബിഗ് മാവേലി

Sunday 07 September 2025 12:33 AM IST

തിരുവനന്തപുരം : ഓണക്കാലത്ത് 92.7 ബിഗ് എഫ്എം അവതരിപ്പിക്കുന്ന ബിഗ് മാവേലി സീസൺ - 3 വിജയകരമായി മുന്നേറുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ്‌ റിയാസും ഫ്ലാഗ് ഓഫ് കർമ്മം വി.കെ.പ്രശാന്ത് എം.എൽ.എയും നിർവഹിച്ചു.

മൂന്ന് ഘട്ടങ്ങളായാണ് ബിഗ് എഫ്എം ക്യാമ്പയി‍ൻ ചിട്ടപ്പെടുത്തിയത്. ആദ്യ ഘട്ടമായി ബിഗ് എഫ്എം അവതരിപ്പിച്ചത് സഞ്ചരിക്കുന്ന റേഡിയോ സ്റ്റേഷനാണ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ ആറു ജില്ലകളിലൂടെ റേഡിയോ സ്റ്റേഷൻ അടങ്ങിയ കാരവനിൽ ആർജെ കിടിലം ഫിറോസും, ആർജെ ഹാപ്പി സുമിയും ബിഗ് എഫ്എം കേരള-തമിഴ്നാട് ക്ലസ്റ്റർ ഹെഡ് മുബാറകും അടങ്ങുന്ന സംഘം സഞ്ചരിച്ചു. നൂറോളം കേന്ദ്രങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചു. ഓഗസ്റ്റ്‌ 24 ന് തുടങ്ങിയ യാത്ര സെപ്തംബർ 2ന് തിരുവനന്തപുരത്ത് സമാപിച്ചു.

രണ്ടാം ഘട്ടമായി കനകക്കുന്ന് നിശാഗന്ധിക്ക് സമീപം സ്ഥാപിച്ച ലൈവ് റേഡിയോ സ്റ്റേഷൻ എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ റേഡിയോ സ്റ്റേഷൻ സന്ദർശിച്ച് അഭിമുഖങ്ങൾ നൽകി. ഗെയിമുകളും സമ്മാനങ്ങളും കൂടി ചേർന്നപ്പോൾ കനകക്കുന്നിലെ ലൈവ് സ്റ്റുഡിയോ പരിസരം ജനസാഗരമായി. വിനോദ സഞ്ചാര വകുപ്പിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടി 9ന് മൂന്നാം ഘട്ടമായി നിശാഗന്ധിയിൽ നടക്കുന്ന വിനീത് ശ്രീനിവാസന്റെ ലൈവ് ഷോയോടെ സമാപിക്കും.