കാർഷിക സർവകലാശാലയിൽ ഫീസ് കൂട്ടരുത്:എ.ബി.വി.പി
തിരുവനന്തപുരം:കാർഷിക സർവകലാശാലയിൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ് ആവശ്യപ്പെട്ടു. സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത് സർക്കാരിന്റെ ദുർഭരണമാണ്. അതിന്റെ ബാദ്ധ്യത വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഫീസ് കൂട്ടാനുള്ള നിർദ്ദേശം കഴിഞ്ഞദിവസം ചേർന്ന അക്കാഡമിക് കൗൺസിൽ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ഈ വർഷം ചേരുന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെ ഫീസ് 55,000 രൂപയും ഗവേഷകവിദ്യാർത്ഥികളുടെ ഫീസ് 60,000 രൂപയുമാകും. 2024ൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികളുടെ ഫീസ് 7500ൽ നിന്ന് 11,450 രൂപയും ബിരുദാനന്തര ബിരുദത്തിന് 10,900 എന്നത് 17,200 രൂപയും ആകും. പിഎച്ച്.ഡിയുടേത് 10,900ൽ നിന്ന് 19,100 രൂപയാക്കി വർദ്ധിപ്പിക്കും. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എ.ബി.വി.പി മുന്നറിയിപ്പ് നൽകി.