48 തുരങ്കം,​142 പാലം;വിസ്മയം മിസോറം റെയിൽ പാത

Sunday 07 September 2025 12:39 AM IST

തിരുവനന്തപുരം: 51കിലോമീറ്ററിൽ 48 തുരങ്കങ്ങളും 142 പാലങ്ങളുമുള്ള റെയിൽവേ ലൈൻ. ഇതുവരെ തീവണ്ടിയെത്താത്ത മിസോറമിലാണ് ഈ പാത. 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും.

കിലോമീറ്ററിന് 100 കോടി ചെലവായ പാത പത്തുവർഷം കൊണ്ട് ഏറെ പ്രതിസന്ധികൾ മറികടന്നാണ് യാഥാർത്ഥ്യമാക്കിയത്. ട്രെയിനിൽ ഗുവാഹത്തിയിൽ നിന്ന് ഐസ്വളിലേക്കുള്ള ദൂരം 24 മണിക്കൂറിൽ നിന്ന് 10 ആയി കുറയും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ റെയിൽവേയിലൂടെ തലസ്ഥാനവുമായി ബന്ധിപ്പിക്കാനുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയറിന്റെ ഭാഗമാണീ പാത. നിരനിരയായി മലകളുള്ള സ്ഥലത്ത് തുരങ്കങ്ങളും മലകളെ ബന്ധിപ്പിച്ച് പാലങ്ങളുമാണ് സവിശേഷത. അസാമിലെ സിൽചാറിൽ നിന്ന് മിസോറമിലെ ഭൈരവിയിലേക്കും അവിടെനിന്ന് ഐസ്വളിലെ സായ്‌രംഗിലേക്കുമാണ് പാത. മിസോറംകാർക്ക് സിൽചാറിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടെനിന്ന് ബംഗാൾ വഴി ഡൽഹിയിലേക്കും തീവണ്ടിപിടിക്കാം.

114 മീറ്റർ ഉയരമുള്ള

പാലങ്ങൾ

 പാലങ്ങളെല്ലാം 100 - 114 മീറ്റർ ഉയരത്തിൽ. 1.37കിലോമീറ്റർ നീളമുള്ളതാണ് വലിയ തുരങ്കം

 സായ്‌രംഗ് റെയിൽവേ സ്റ്റേഷനു സമീപമുള്ള പാലം ഉയരത്തിൽ രാജ്യത്ത് രണ്ടാമത്തേത്

 8 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസാം, ത്രിപുര, അരുണാചൽ,​ മിസോറം റെയിൽ കണക്ഷനായി

 നാഗാലന്റ്, മണിപ്പൂർ,സിക്കിം,മേഘാലയ എന്നിവിടങ്ങളിലാണ് ഇനി റെയിൽവേ എത്താനുള്ളത്

നിർമ്മാണച്ചെലവ്

5021കോടി