അർബൻനിധി തട്ടിപ്പ് കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ അർബൻനിധി തട്ടിപ്പുകേസിലെ പ്രതി കീഴ്ത്തള്ളി ഷൈജു നിവാസിൽ ഷൈജു തച്ചോത്തിനെ(42) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ പുലർച്ചെയാണ് സംഭവം.കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജറായിരുന്നു.കണ്ണൂർ അർബൻ നിധി,സഹോദര സ്ഥാപനമായ എനി ടൈം മണി എന്നീ കമ്പനികളുടെ പേരിൽ നടന്ന നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതിയാണ് ഷൈജു. ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം വിഷയത്തിൽ ഇതുവരെ ഇരുന്നൂറിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ പ്രകാരമുള്ള തുകയ്ക്ക് പുറമെ പരാതി നൽകാത്തവരുടേതടക്കം ആകെ 80 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായാണ് പറയപ്പെടുന്നത്. ഇതിൽ 40 കോടിയോളം രൂപയുടെ നിക്ഷേപം തിരിച്ചുനൽകാൻ ബാക്കിയുണ്ടെന്നും കണക്കാക്കുന്നു.ഷൈജുവിന്റെ ഭാര്യ ഇംഗ്ലണ്ടിൽ നഴ്സാണ്. അച്ഛൻ: ബാലൻ.അമ്മ: ചിത്രലേഖ.