വൃദ്ധൻ തിരുവോണനാളിൽ വെടിയുതിർത്ത് ജീവനൊടുക്കി വിട്ടുമാറാത്ത രോഗത്തെ തുടർന്നുള്ള നിരാശയിലെന്ന് സൂചന

Sunday 07 September 2025 12:43 AM IST

കാസർകോട് : വിട്ടുമാറാത്ത രോഗത്തെ തുടർന്ന് വൃദ്ധൻ തിരുവോണ നാളിൽ നെഞ്ചിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. മിയാപദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

റിവോൾവർ ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർത്താണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഉച്ച ഭക്ഷണം കഴിച്ച ശേഷം കിടപ്പ് മുറിയിൽ വിശ്രമിക്കുന്നതിനിടെ ഭാര്യ അടുക്കളയിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് ഇദ്ദേഹം വെടിയുതിർത്തതെന്നാന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വെടിയൊച്ച കേട്ട് ഭാര്യ എത്തി കിടപ്പറയിൽ നോക്കിയപ്പോഴാണ് രക്തത്തിൽ സുബ്ബണ്ണ ഭട്ടിനെ കുളിച്ചു കിടക്കുന്നത് കണ്ടത്. നിലവിളി കേട്ടെത്തിയ ,നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ കണ്ണൂരിൽ നിന്ന് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി .

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെടി വെക്കാൻ ഉപയോഗിച്ച തോക്കിന് ലൈസൻസില്ലെന്നാണ് വിവരം. അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ട്.മാനസികമായി തളർന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു. സുബ്ബണ്ണ-രാജമ്മ ദമ്പതികൾക്ക് മക്കളില്ല.