ഭീഷണിയായി കടന്നൽക്കൂട്

Sunday 07 September 2025 12:46 AM IST

റാന്നി : റോഡരികിലെ മരത്തിലെ കടന്നൽക്കൂട് നാട്ടുകാർക്ക് ഭീഷണിയായി. ചേത്തയ്ക്കൽ - കൂത്താട്ടുകുളം എം.എൽ.എ റോഡിൽ വലിയപതാലിന് സമീപം സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിലാണ് കടന്നൽകൂടുള്ളത്. യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാണിത്. ടാപ്പിംഗ് ഇല്ലാത്ത ചേത്തയ്ക്കൽ സ്വദേശിയുടെ തോട്ടത്തിലാണ് കടന്നൽ കൂടുള്ളത്. റോഡിൽ നിന്ന് രണ്ടു മീറ്റർ മാറിയുള്ള മരത്തിൽ അഞ്ചടി പൊക്കത്തിലാണ് കൂട്. കൂട് ഇളകിയാൽ കടന്നൽ ആക്രമിക്കുമെന്ന ആശങ്കയിലാണ് സമീപത്തെ താമസക്കാർ. സുരക്ഷയെക്കരുതി വിദഗ്ദ്ധരായ ആളുകളുടെ സഹായത്തോടെ കടന്നൽക്കൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.