രാസപരിശോധന ലാബിൽ സാമ്പിൾ നശിക്കുന്നു
ശീതീകരണ സംവിധാനമില്ല
സൂക്ഷിക്കുന്നത് അലക്ഷ്യമായി
ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളിൽ സാമ്പിൾ സൂക്ഷിക്കാൻ ശീതീകരണ സംവിധാനമില്ല. പൊട്ടിയ കണ്ടെയ്നറുകളിൽ അശാസ്ത്രീയമായാണ് വിഷസംബന്ധമായ സാമ്പിളുകൾ വരെ സൂക്ഷിച്ചിരിക്കുന്നത്. ഒട്ടേറെ സാമ്പിളുകളുടെ അഡ്രസ് ടാഗും നഷ്ടപ്പെട്ടു. പരിശോധനയ്ക്ക് ആവശ്യത്തിന് ജീവനക്കാരുമില്ല.
ഭരണപരിഷ്കാര വകുപ്പ് കെമിക്കൽ ലാബുകളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വിഷബാധയേറ്റുള്ള മരണങ്ങളിൽ (ടോക്സിക്കോളജി) സാമ്പിൾ നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധിക്കണം. ഇല്ലെങ്കിൽ ബാഷ്പശീലമുള്ള പലതരം വിഷവസ്തുക്കളും സാമ്പിളുകളിൽ നിന്നു നഷ്ടപ്പെടും. പരിശോധനാഫലവും തെറ്റും. മുങ്ങിമരണം, തൂങ്ങിമരണം മുതലായ കേസുകളിൽ ഡോക്ടർമാർ ആന്തരികാവയവ പരിശോധന നിർദേശിക്കാറുണ്ട്. ശരീരത്തിനുള്ളിൽ വിഷാംശം കടന്നിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനാണിത്.
എറണാകുളം ലാബിൽ 1998 മുതലുള്ള സാമ്പിളുകൾ പല ഭാഗങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. പലതിലും അഡ്രസ് ടാഗ് ഉൾപ്പെടെ നഷ്ടപ്പെട്ടു. കണ്ടെയ്നർ പൊട്ടിപ്പോയതിനാൽ പ്രിസർവ് ചെയ്തിരുന്ന ദ്രാവകം നഷ്ടപ്പെട്ട് സാമ്പിളുകൾ ജീർണിച്ചിട്ടുമുണ്ട്.
കോഴിക്കോട്ടെ ലാബിൽ ഉപകരണക്ഷാമവുമുണ്ട്. ഗ്യാസ് ക്രൊമാറ്റോഗ്രാഫ് മാസ് സ്പെക്ടോ മീറ്റർ, ഫ്യൂരിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ് കോപ്പി, യു.വി സ്പെക്ട്രോമീറ്റർ, മൈക്രോവേവ് ഡൈജസ്റ്റർ, പെട്രോളിയം ഡിസ്റ്റിലേഷൻ യൂണിറ്റ്, ഫ്ലാഷ് പോയിന്റ് അപ്പാരറ്റസ് എന്നിവ അടിയന്തരമായി ഒരുക്കണം.
അന്തരീക്ഷ ഊഷ്മാവിൽ
സാമ്പിൾ കേടാവും
സാമ്പിളുകൾ 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ശീതീകരണ സംവിധാനം ഒരു ലാബിലുമില്ലാത്തതിനാൽ അന്തരീക്ഷ ഊഷ്മാവിലാണ് സൂക്ഷിക്കുന്നത്. സാമ്പിൾ പെട്ടെന്ന് നശിക്കും
തിരുവനന്തപുരം, കോഴിക്കോട് ലാബുകളിൽ കഴിഞ്ഞവർഷം വരെ ടോക്സിക്കോളജി വിഭാഗത്തിൽ പകുതിയോളവും എറണാകുളത്ത് മൂന്നിലൊന്നും സാമ്പിളുകളേ തീർപ്പാക്കപ്പെട്ടിട്ടുള്ളൂ
കെട്ടിക്കിടക്കുന്ന സാമ്പിൾ
ടോക്സിക്കോളജി ..................37,009
നർക്കോട്ടിക്സ് വിഭാഗം..........12,683
എക്സൈസ് വിഭാഗം........10,689
ആകെ...................................60,381
ലാബുകളുടെ പരിമിതിയും പോരായ്മകളും ചൂണ്ടിക്കാട്ടി പരിഹാര നിർദേശങ്ങളും ശുപാർശകളും സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്
- ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് , ഗവ.സെക്രട്ടേറിയറ്റ്