ഫിറോസ് ദുബായ് കമ്പനി സെയിൽസ് മാനേജർ:ജലീൽ
□ബന്ധു നിയമനത്തിൽ തെറ്റ് ചെയ്തിട്ടില്ല
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ദുബായ് ആസ്ഥാനമായുള്ള ഫോർച്യൂൺ ജനറൽ ഹൗസെന്ന കമ്പനിയുടെ സെയിൽസ് മാനേജരാണെന്നും ,മാസം അഞ്ചേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആരോപിച്ച് കെ.ടി.ജലീൽ എം.എൽ.എ.
2024 മാർച്ച് മുതൽ ശമ്പളം വാങ്ങുന്നതിന്റെ രേഖകളും കെ.ടി.ജലീൽ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. 2021ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാദ്ധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടി. പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നത്. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് 600ലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയത്. തനിക്കെതിരെ ഫിറോസ് വ്യാജ പ്രചാരണമാണ് നടത്തിയത്. മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കൈയിൽ നിന്ന് 11 ലക്ഷം രൂപയാണ് കടം വാങ്ങിയത്.
ഐസ്‌ക്രീം പാർലർ കേസിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സിറിയക് ജോസഫിനെ ലീഗ് നേതാക്കൾ സ്വാധീനിച്ചാണ് ബന്ധു നിയമനത്തിൽ തനിക്കെതിരെ നടപടിയെടുപ്പിച്ചത്. ബന്ധു നിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സത്യം ചെയ്യുന്നതായി ഖുർആൻ ഉയർത്തിപ്പിടിച്ച് ജലീൽ പറഞ്ഞു. ബന്ധു കെ.ടി.അദീപ് ഇപ്പോൾ ബാങ്ക് ഒഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീൽ പറഞ്ഞു.