തിരുവോണദിനത്തിൽ പിതാവ് മകളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

Sunday 07 September 2025 1:31 AM IST

□ബന്ധുവായ പത്ത് വയസുകാരിക്കും പൊള്ളലേറ്റു

പാണത്തൂർ (കാസർകോട്)​ : കർണാടക അതിർത്തി ഗ്രാമമായ കരിക്കെ ആനപ്പാറയിൽ തിരുവോണ ദിനത്തിൽ മകളെ ആസിഡൊഴിച്ച് പൊള്ളിച്ച പിതാവിനെതിരെ രാജപുരം പൊലീസ് കേസെടുത്തു. കരിക്കേ ആനപ്പാറയിലെ കെ.സി.മനോജാണ് പാറക്കടവിലെ ഭാര്യവീട്ടിലെത്തി മകളെയും ഭാര്യാ സഹോദരന്റെ മകളെയും ആക്രമിച്ചത്.

മദ്യപിച്ച് അക്രമം പതിവായതിനെ തുടർന്നാണ് ഭാര്യ മകളുമൊത്ത് പാറക്കടവിലെ സഹോദരന്റെ വീട്ടിലെത്തിയത്. ഇതിൽ പ്രകോപിതനായ മനോജ് വെളുപ്പിന് ഈ

വീട്ടിലെത്തി പെട്രോളൊഴിച്ച് സ്കൂട്ടി കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതിൽ പ്രകോപിതനായ ഈയാൾ പതിനേഴുകാരിയായ മകളെയും ഭാര്യ സഹോദരൻ മോഹനന്റെ പത്തു വയസുകാരിയായ മകളെയും റബ്ബർ ഷീറ്റ് തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ നാട്ടുകാരും രാജപുരം പൊലീസും സ്ഥലത്തെത്തി

ആശുപത്രിയിലെത്തിച്ച കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവ ശേഷം പ്രതി കർണാടകയിലേക്ക് കടന്നുവെന്ന് സംശയിക്കുന്നു.ഈയാൾക്കു വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.