ബിവറേജിൽ നിന്ന് മോഷ്ടിച്ചത് 10 ചാക്ക് മദ്യം
പ്രതികളിലൊരാൾ പിടിയിൽ
കൊല്ലങ്കോട്: തിരുവോണ ദിവസം കൊല്ലങ്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മോഷ്ടിച്ചത് പത്തു ചാക്ക് മദ്യം. മോഷ്ടാക്കളിൽ ഒരാളായ കൊല്ലങ്കോട് പയ്യലൂർമുക്ക് സ്വദേശി രവിയെ കസ്റ്റഡിയിലെടുത്തു. പങ്കാളികളെന്നു സംശയിക്കുന്ന പല്ലശ്ശന സ്വദേശി മുരളീധരൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ 2.30ന് ഔട്ട്‌ലെറ്റിന്റെ ഒരു വശത്തെ ചുമര് തുരന്നാണ് മോഷ്ടാക്കൾ പ്രവേശിച്ചത്. അഞ്ച് മണിക്കൂറോളം ഇവിടെ ചെലവഴിച്ച് ചാക്കുകളിൽ കെട്ടി മദ്യം കടത്തുകയായിരുന്നു. രാവിലെ 7.30നാണ് അവസാന ചാക്കുമായി മോഷ്ടാവ് പുറത്തിറങ്ങിയതെന്ന് സി.സി ടി.വിയിൽ നിന്ന് വ്യക്തമായി. രണ്ടു ചാക്ക് മദ്യം ഔട്ട്‌ലെറ്റിന്റെ പിൻഭാഗത്തു നിന്ന് കണ്ടെത്തി.
ബിവറേജിന് അവധി ആയിരുന്നതിനാൽ തിരുവോണനാളിലെ വിൽപ്പന ലക്ഷ്യമിട്ടായിരുന്നു കവർച്ച. ഓണാവധി കഴിഞ്ഞ് ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സ്റ്റോക്ക് പരിശോധിച്ചാലേ എത്ര രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കാക്കാനാകൂവെന്ന് ഔട്ട്‌ലെറ്റ് മാനേജർ പറഞ്ഞു.