മെസി, മെസി
ബ്യൂണസ് അയേഴ്സ്: ഇരട്ട ഗോളുമായി മിന്നിത്തിളങ്ങിയ ഇതിഹാസ നായകൻ ലയണൽ മെസിയുടെ മികവിൽ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ വെനെസ്വേലയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് അർജൻ്റീന. ലൗട്ടാരോ മാർട്ടിനസും അർജൻ്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഈ മത്സരം സ്വന്തം നാട്ടിൽ ദേശീയ ജേഴ്‌സിയിൽ മെസിയുടെ അവസാന മത്സരമാണിതെന്നാണ് വിലയിരുത്തൽ. മെസിയുടെ കുടുംബവും മത്സരം കാണാൻ ഉണ്ടായിരുന്നു.
വിരമിക്കുന്നത് സംബന്ധിച്ചി 38കാരനായ മെസി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലവും അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാനുകുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് താരം പറഞ്ഞു.
മെസിയുടെ നാട്ടിലെ അവസാന മത്സരമാകുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ ബ്യൂണസ് അയേഴ്‌സിലെ എസ്‌റ്റോഡിയോ മൊനുമന്റിയിലേക്ക് ഒഴുകിയെത്തിയ ആരാധകരെ ആവശത്തിലേക്കുന്ന പ്രകടനമാണ് മെസി നടത്തിയത്. നിർഭാഗ്യം കൊണ്ടാണ് താരത്തിന് ഹാട്രിക്ക് നഷ്‌ടമായത്.
ഇവിടെ ഇങ്ങനെ അവസാനിപ്പിക്കുന്നത് താൻ എപ്പോഴും സ്വപ്നം കണ്ടിരുന്നെന്ന് മെസി മത്സരശേഷം പറഞ്ഞു. ഞാൻ ഒരുപാട് കാര്യങ്ങൾ അനുഭവിച്ച സ്റ്റേഡിയമാണിത്. നല്ലതും ചീത്തയും. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നത് എപ്പോഴും സന്തോഷകരമാണ് മെസി പറഞ്ഞു. അടുത്ത ലോകകപ്പിൽ കളിക്കുന്നത് സംബന്ധിച്ചും മെസി പ്രതികരിച്ചു.
ലോകകപ്പിനെ കുറിച്ച് ഞാൻ മുമ്പ് പറഞ്ഞതാണ്. മറ്റൊരു ലോകകപ്പ് കൂടി എനിക്ക് കളിക്കാനാകുമെന്ന് കരുതാനാകില്ല. പ്രധാന കാരണം എന്റെ പ്രായമാണ്. ഏറ്റവും യുക്തിസഹമായ കാര്യം അടുത്ത ലോകകപ്പിൽ ഞാൻ കളിക്കില്ല എന്നത് തന്നെയാണ്. പക്ഷേ നമ്മൾ ലോകകപ്പിന് അടുത്തെത്തിയിരിക്കുന്നു. അതിനാൽ കൂടുതൽ സന്തോഷവും പ്രചോദനവും തോന്നുന്നുണ്ട്. എപ്പോഴും നന്നായിരിക്കാനാണ് ശ്രമിക്കുന്നത്. എന്നോട് തന്നെ സത്യസന്ധത പുലർത്തുന്നു. കാര്യങ്ങൾ നന്നായി തോന്നുമ്പോൾ ഞാനത് ആസ്വദിക്കുന്നു.
ലോകകപ്പിനെക്കുറിച്ച് ഞാൻ ഒരു തീരുമാനമെടുത്തിട്ടില്ല.
സീസൺ ഞാൻ പൂർത്തിയാക്കും, പിന്നെ എനിക്ക് പ്രീസീസൺ ഉണ്ടാകും, ആറ് മാസം ബാക്കിയുണ്ടാകും. അപ്പോൾ എനിക്ക് എങ്ങനെ തോന്നുന്നെന്ന് നമുക്ക് നോക്കാം. 2026ൽ എനിക്ക് നല്ലൊരു പ്രീസീസൺ ഉണ്ടാകുമെന്നും ഈ സീസൺ നന്നായി പൂർത്തിയാക്കുമെന്നും പ്രതീക്ഷിക്കാം, തുടർന്ന് തീരുമാനിക്കും.- മെസി പറഞ്ഞു.
ഇക്വഡോറിനെതിരായ അടുത്ത ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ കളിക്കില്ലെന്നും താരം വ്യക്തമാക്കി.
അർജന്റീന നേരത്തേ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. യോഗ്യത ഉറപ്പിച്ച മറ്റൊരു സൂപ്പർ ടീമായ ബ്രസീൽ 3-0ത്തിന് ചിലിയെ വീഴ്‌ത്തി.