കെ.സി.എല്ലിൽ കലാശക്കളി

Sunday 07 September 2025 3:03 AM IST

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഫൈനലിൽ ഇന്ന് കൊല്ലം സെയ്‌‌ലേഴ്സും കൊച്ചി ബ്ളൂ ടൈഗേഴ്സും ഏറ്റുമുട്ടും

6.45 pm മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ, പ്രവേശനം സൗജന്യം

സ്റ്റാർ സ്പോർട്സ് 3, ഏഷ്യാനെറ്റ് പ്ളസ് ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മൂന്നാഴ്ചയോളമായി നടന്നുവരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലുള്ള കലാശപ്പോ‌രാട്ടത്തോടെ തിരശീല വീഴും. ഒരിക്കൽക്കൂടി സച്ചിൻ ബേബി നയിക്കുന്ന കൊല്ലം സെയ്‌ലേഴ്സ് കിരീടം ചൂടുമോ സഞ്ജു സാംസണിന്റെ ചേട്ടൻ സലി സാംസൺ നയിക്കുന്ന കൊച്ചി കന്നിക്കിരീടമണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

സഞ്ജു സാംസൺ കൂടി ഉൾപ്പെട്ട ആദ്യ റൗണ്ട് മത്സരങ്ങളിൽ അതിഗംഭീരപ്രകടനം കാഴ്ചവച്ച കൊച്ചി സഞ്ജു മടങ്ങിയതിന് ശേഷവും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്. കൊല്ലം സെയ്‌ലേഴ്സിന് ചില മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരുടെ നിലവാരത്തിനാെത്ത പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും നിർണായകസമയത്ത് സടകുടഞ്ഞെണീറ്റ് കലാശക്കളിക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

കിരീടം കാക്കാൻ കൊല്ലം

കഴിഞ്ഞ സീസൺ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ചേസ് ചെയ്ത് കീഴടക്കി കിരീടമണിഞ്ഞ കൊല്ലം സെയ്‌ലേഴ്സിന് ഇക്കുറി പ്രാഥമിക റൗണ്ടിലെ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. അവസാന ലീഗ് മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചാണ് സെമിയിലേക്ക് കടന്നുകൂടിയത്.

ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് തുടങ്ങിയ കൊല്ലം പിന്നീട് ട്രിവാൻഡ്രത്തോടും കൊച്ചിയോടും തോറ്റു.തൃശൂരിനോട് തോൽക്കുകയും ജയിക്കുകയും ചെയ്തു. റിപ്പിൾസിനെതിരായ ആദ്യമത്സരത്തിലും തോൽക്കുകയായിരുന്നു.

ട്രിവൻഡ്രത്തോടും ആദ്യ തോൽവിക്ക് പകരം വീട്ടിയെങ്കിലും പിന്നീട് കാലിക്കറ്റിനോടും കൊച്ചിയോടും തോറ്റതോടെയാണ് ആലപ്പിയുമായുള്ള അവസാന മത്സരം നിർണായകമായത്.

സെമിഫൈനലിൽ തൃശൂരിനെതിരെ നേടിയത് ആധികാരിക ജയം. ബാറ്റിംഗിൽ കരുത്തരായ തൃശൂരിനെ വെറും 86 റൺസിന് ഓൾഔട്ടാക്കിയശേഷം 59 പന്തിൽ വിജയം കാണുകയായിരുന്നു.

സഞ്ജുവിനെയും സലിയേയും കൂട്ടിയിറങ്ങിയ കൊച്ചി ആദ്യമത്സരം മുതൽ തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ചു. പ്രാഥമികഘട്ടത്തിലെ 10 മത്സരങ്ങളിലെ എട്ടെണ്ണത്തിലും വിജയിച്ച് 16 പോയിന്റ് നേടി പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.

ആദ്യ മൂന്ന് മത്സരങ്ങളിൽ തിരുവനന്തപുരം, ആലപ്പി, കൊല്ലം എന്നിവർക്കെതിരെ തുടർവിജയം നേടിയ കൊച്ചിയെ നാലാം മത്സരത്തിൽ തൃശൂരും അടുത്ത മത്സരത്തിൽ കോഴിക്കോടും തോൽപ്പിച്ചു.

എന്നാൽ പിന്നീടുള്ള ഒരു കളിയിലും റെയ്‌ഫി വിൻസന്റ് ഗോമസ് പരിശീലിപ്പിക്കുന്ന ടീമിന് തോൽക്കേണ്ടിവന്നിട്ടേയില്ല. ട്രിവാൻഡ്രം,തൃശൂർ, ആലപ്പി,കാലിക്കറ്റ്,കൊല്ലം എന്നിവരെ ഓരോ തവണകൂടി തോൽപ്പിച്ച് സെമിയിലേക്കെത്തി.

സെമിയിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായിരുന്ന കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ 15 റൺസിനാണ് കൊച്ചി തോൽപ്പിച്ചത്. ആദ്യം ബാറ്റ്ചെയ്ത കൊച്ചി 186/7 എന്ന സ്കോർ ഉയർത്തിയപ്പോൾ കാലിക്കറ്റിന് 171/7ലേ എത്താനായുള്ളൂ.

കൊച്ചിയും കൊല്ലവും തമ്മിൽ

ഈ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും ജയിച്ചത് കൊച്ചി. ആദ്യ മത്സരത്തിൽ കൊല്ലം 236/5 എന്ന സ്കോർ ഉയർത്തിയിട്ടും കൊച്ചി സഞ്ജു സാസംസണിന്റെ സെഞ്ച്വറി(121) മികവിൽ ചേസ് ചെയ്ത് ജയിച്ചു. രണ്ടാം മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ജയം.

ടീമുകൾ ഇവരിൽ നിന്ന്

കൊച്ചി ബ്ലൂ ടൈഗേഴ്സ്

സലി സാംസൺ (ക്യാപ്ടൻ),വിനൂപ് മനോഹരൻ,വിപുൽ ശക്തി,മുഹമ്മദ് ഷാനു,നിഖിൽ തോട്ടത്ത്,ആൽഫി ഫ്രാൻസിസ്, അജീഷ്.കെ,ജോബിൻ ജോബി,മുഹമ്മദ് ആഷിഖ്,ജെറിൻ പി.എസ്,കെ.എം ആസിഫ്,പി.മിഥുൻ,അൽഫറാദ്,ജിഷ്ണു,കെ.ജെ രാകേഷ്, അഖിൽ സജീവ്,അനൂപ്.ജി,ശ്രീഹരി, അജിത്ത് വാസുദേവൻ,അഖിൽ കെ.ജി, അഖിൻ സത്താർ.

മുഖ്യ പരിശീലകൻ : റെയ്ഫി വിൻസന്റ് ഗോമസ്

കൊല്ലം സെയ്‌ലേഴ്സ്

സച്ചിൻ ബേബി (ക്യാപ്ടൻ),അഭിഷേക് നായർ,ഭരത് സൂര്യ,വിഷ്ണു വിനോദ്,വത്സൽ ഗോവിന്ദ്,ഷറഫുദ്ദീൻ,സജീവൻ അഖിൽ,അമൽ എ.ജി, പവൻ രാജ്,വിജയ്വിശ്വനാഥ്,അജയ്ഘോഷ്,രാഹുൽ ശർമ്മ,ജോസ് പേരയിൽ,സച്ചിൻ പി.എസ്, ആഷിഖ് മുഹമ്മദ്, അതുൽജിത്ത്, ബിജു നാരായണൻ,ഏദൻ ആപ്പിൾ ടോം.