മകൾക്കുനേരെ ആസിഡാക്രമണം; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് അറസ്റ്റിൽ, പിടിയിലായത് വ്യാപക തെരച്ചിലിനുശേഷം

Sunday 07 September 2025 11:44 AM IST

കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീ‌ർക്കാൻ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റിലായി. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്.

സംഭവത്തിൽ സഹോദരന്റെ പത്തുവയസുള്ള മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു.മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണ് മനോജ്. ഭാര്യയും മകളും ഇയാളിൽ നിന്ന് കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ സഹോദരന്റെ വീട്ടിൽ ഇവർ എത്തിയെന്ന് അറിഞ്ഞ് അവിടെയെത്തിയ മനോജ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റബർ ഷീറ്റ് നിർമ്മിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് ഇയാൾ കുട്ടികൾക്കുനേരെ ഒഴിച്ചത്. പതിനേഴുകാരിയുടെ കൈകാലുകൾക്കാണ് പൊള്ളലേറ്റത്. പത്തുവയസുകാരിക്ക് മുഖത്തടക്കം പൊള്ളലുണ്ട്.

ആസിഡ് ആക്രമണത്തിന് പുറമേ കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളല്ലാതെ ആക്രമണത്തിന് പിന്നിൽ മറ്റുകാരണങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.