പീച്ചി പൊലീസ് മർദ്ദനം; എസ്ഐ രതീഷ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും നടപടിയില്ല, സംരക്ഷിക്കാൻ ശ്രമിച്ചെന്ന് ആക്ഷേപം

Sunday 07 September 2025 2:41 PM IST

തൃശൂർ: ഹോട്ടലുടമയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ എസ്ഐ പി വി രതീഷ് കു​റ്റക്കാരനെന്ന് തെളിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. തൃശൂർ അഡീഷണൽ എസ്പിയായിരുന്ന ശശിധരൻ കഴിഞ്ഞ വർഷം തന്നെ രതീഷിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ഐജി കെ സേതുരാമന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു നടപടിയും എടുത്തിരുന്നില്ല. രതീഷിന് പ്രമോഷൻ നൽകി ക്രമസമാധാന ചുമതലയിൽ ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ തന്നെ ഹോട്ടലുടമ കെ പി ഔസേപ്പ് സി​റ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

2023 മേയ് 24-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കെ പി ഔസേപ്പിനേയും മകനേയും ഹോട്ടൽ ജീവനക്കാരനെയുമാണ് എസ്ഐ മർദ്ദിച്ചത്. പാലക്കാട് വണ്ടാഴി സ്വദേശി ദിനേശും ബന്ധുവും നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു മർദ്ദനം. ഹോട്ടലിലെ ബിരിയാണിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പരാതിയായി സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതിനിടയിൽ ഹോട്ടൽ ജീവനക്കാർ പരാതിക്കാരെ തടഞ്ഞുവയ്ക്കുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നു.സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായതായും ഔസേപ്പ് ആരോപിച്ചിരുന്നു.