ചരിത്രത്തിൽ ആദ്യം; തൃശൂരിലെ പുലികളി സംഘങ്ങൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം മൂന്ന് ലക്ഷം രൂപ

Sunday 07 September 2025 3:57 PM IST

തൃശൂർ: പ്രശസ്തമായ തൃശ്ശൂർ പുലികളി സംഘങ്ങൾക്ക് ഓണസമ്മാനമായി കേന്ദ്രം ധനസഹായം പ്രഖ്യാപിച്ച് നടനും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലികളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂർ പുലികളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ​ഗോപി കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഇത് സാദ്ധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നൽകിയ കേന്ദ്ര ടൂറിസം - സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും സുരേഷ് ഗോപി നന്ദി അറിയിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനം. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതം DPPH സ്കീമിന്റെ അടിയില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇത് സാദ്ധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ Gajendra Singh Shekhawat ജിക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ,(Thanjavur ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും.