കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്ച നിലയിൽ

Sunday 07 September 2025 5:02 PM IST

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവാണ് പ്രദീപ്.

ഇന്ന് രാവിലെ 11.50നാണ് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിലെത്തി പ്രതി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.