ശ്രീനാരായണ ഗുരുദേവൻ മഹദ് വ്യക്തിത്വം : തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

Monday 08 September 2025 12:55 PM IST

തിരുവല്ല : കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ് വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവനെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ സംഘടിപ്പിച്ച സംയുക്ത ജയന്തി മഹാ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ ആപ്തവാക്യം ഇക്കാലത്തും അലയടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ നന്നാവുകയാണ് സമൂഹത്തിന്റെ എല്ലാ ഒത്തുചേരലുകളുടെയും ഔന്നിത്യത്തിന് സഹായകരമാകുന്നതെന്നും ഉദ്ഘാടകൻ പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ്, സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, കൺവീനർ വി.എസ്‌. അനീഷ് എന്നിവർ പങ്കെടുത്തു.