കൊച്ചിയുടെ വിനൂപിന് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി; കപ്പുയര്‍ത്താന്‍ കൊല്ലത്തിന് ലക്ഷ്യം 182 റണ്‍സ്

Sunday 07 September 2025 9:07 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് 182 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. 30 പന്തുകളില്‍ 70 റണ്‍സ് നേടിയ ഓപ്പണര്‍ വിനൂപ് മനോഹറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കൊച്ചി മികച്ച സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ആദ്യ മൂന്നോവര്‍ പിന്നിടുമ്പോള്‍ കൊല്ലം 27ന് രണ്ട് എന്ന നിലയിലാണ്.

വിനൂപ് ഒഴികെയുള്ള മുന്‍നിരയും മദ്ധ്യനിരയും നിറംമങ്ങിയപ്പോള്‍ കൊച്ചി 130ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു. എന്നാല്‍ ഓള്‍റൗണ്ടര്‍ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ 25 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടിയതോടെയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോര്‍ 180 കടന്നത്. 70 റണ്‍സെടുത്ത വിനൂപ് പുറത്താകുമ്പോള്‍ കൊച്ചിയുടെ സ്‌കോര്‍ 83 ആയിരുന്നു. ഒമ്പത് ഫോറും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു വിനൂപിന്റെ ഇന്നിംഗ്‌സ്. സഹ ഓപ്പണര്‍ വിപുല്‍ ശക്തി 1(5), നാലാമനായി എത്തിയ ക്യാപ്റ്റന്‍ സാലി സാംസണ്‍ 8(12) എന്നിവര്‍ പെട്ടെന്ന് മടങ്ങി.

മുഹമ്മദ് ഷാനു 10(13), വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്ത് 10(14), ആജീഷ് കെ 0(3), ജോബിന്‍ ജോണ്‍ 12(8), മുഹമ്മദ് ആഷിക് 7(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ജെറിന്‍ പിഎസ് 2(4) പുറത്താകാതെ നിന്നു. കൊല്ലം സെയ്‌ലേഴ്‌സിന് വേണ്ടി പവന്‍ രാജ്, ഷറഫുദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും അമല്‍ എ.ജി, വിജയ് വിശ്വനാഥ്, എംഎസ് അഖില്‍, അജയ്‌ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.