അധ:സ്ഥിത, പിന്നാക്ക വിഭാഗങ്ങൾ പിന്തള്ളപ്പെടുന്നു: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ശ്രീനാരായണ സമൂഹവും അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങളും പുരോഗതിയിൽ നിന്ന് പിന്തള്ളപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുള്ള ഈ ദുഃസ്ഥിതി കാണാതിരിക്കാനാവില്ല. സംസ്ഥാനത്തെ ഏറ്രവും വലിയ ജനവിഭാഗത്തിന് ഒരു എം.എൽ.എ പോലുമില്ലാത്ത അവസ്ഥയുണ്ട്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ശിവഗിരിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സംഘടിച്ചു ശക്തരാവാനും വിദ്യകൊണ്ട് പ്രബുദ്ധരാവാനും വ്യവസായംകൊണ്ടു വളരാനുമാണ് ഗുരുദേവൻ ഉപദേശിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇപ്പോൾ സാമ്പത്തിക സംവരണം അംഗീകരിച്ചു കഴിഞ്ഞു. ചില മേഖലകളിൽ 90%വരെ വരേണ്യവർഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ ഭരിക്കുമ്പോൾ സാമ്പത്തിക സംവരണംകൂടി വന്നാൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് അവിടേക്ക് എത്തിനോക്കാൻ സാധിക്കുമോ.
സർവ സമുദായങ്ങളുടെയും സമുദ്ധാരണമാണ് നടക്കേണ്ടത്. എങ്കിലേ ഗുരുവിന്റെ സത്യദർശനത്തിലേക്ക് കടക്കാനാവൂ. ഏവർക്കും സ്വീകാര്യമാവുന്ന വിശ്വമാനവിക ദർശനമാണ് ഗുരു പകർന്നു തന്നത്. ശങ്കരാചാര്യർ വൈജ്ഞാനിക അദ്വൈതമാണ് സംസ്ഥാപനം ചെയ്തതെങ്കിൽ പ്രായോഗിക അദ്വൈത വേദാന്തമാണ് ഗുരു കൊണ്ടുവന്നത്. ആത്മീയ അടിത്തറയിൽനിന്ന് സാമൂഹിക പുരോഗതി കൈവരിക്കാനാണ് ഗുരു ഉപദേശിച്ചത്. ലോകത്തിന്റെ തന്നെ ആദരം പിടിച്ചുപറ്റുന്ന ദർശനമാണ് ഗുരുവിന്റേത്. ഇതേരൂപത്തിൽ നാം ജീവിക്കുന്നതും ആഗോള അംഗീകാരങ്ങൾ നമ്മുടെ രാജ്യത്തിന് ലഭ്യമാവുന്നതും തിരു അവതാരം കൊണ്ടും അനുഗ്രഹം കൊണ്ടുമാണ്.
'ഗുരുദേവൻ ഒരിക്കൽ
കൂടി ജന്മമെടുത്തെങ്കിൽ'
ഗുരുദേവൻ ഒരിക്കൽ കൂടി ജന്മമെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന സംഭവവികാസങ്ങളാണ് ഇപ്പോഴുള്ളതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മാറിയ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. അരുളും അൻപും അനുകമ്പയും നഷ്ടമാവുന്നോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യം. അൻപ് കാട്ടേണ്ടവർ അക്രമത്തിന് ഒരുമ്പെടുന്നു. ഇവിടെയാണ് ഗുരുചിന്ത ആവശ്യമായി വരുന്നത്. സനാതനപാതയിൽ ഉറച്ചു നിന്ന് സ്വന്തം മതത്തിന്റെ പോരായ്മ തിരുത്തുക എന്ന നിലപാടായിരുന്നു ഗുരുവിന്റേത്. പിന്നാക്കവിഭാഗങ്ങളുടെ ദുരിതകാലത്ത് സനാതന ധർമ്മം അദ്ദേഹം പരിഷ്കരിച്ചു.
'ആരാധന, വിദ്യാഭ്യാസ
സ്വാതന്ത്ര്യം ലഭ്യമാക്കി'
ശ്രീനാരായണ ഗുരു ജന്മമെടുത്തിരുന്നില്ലെങ്കിൽ കേരളത്തിന്റെ സാഹചര്യംഎന്താകുമായിരുന്നുവെന്നത് ചിന്തിക്കേണ്ടതാണെന്ന് വി.ജോയി എം.എൽ.എ. പിന്നാക്ക ജനവിഭാഗങ്ങൾക്ക് വഴി നടക്കാനും ആരാധനയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കിയതാണ് ഗുരുവിന്റെ വലിയ സംഭാവനകളിലൊന്ന്. ഗുരുവിന്റെ ദർശനവും സന്ദേശവുമില്ലായിരുന്നെങ്കിൽ കേരളത്തിലും വടക്കേഇന്ത്യയുടെ സാഹചര്യമാകുമായിരുന്നു.