സി.പി.ഐ സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം 10ന് രാവിലെ 10.45ന് കളർകോട് കാനം രാജേന്ദ്രൻ നഗറിൽ (എസ്.കെ.കൺവെൻഷൻ സെന്റർ) ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ആലപ്പുഴ ബീച്ചിലെ അതുൽകുമാർ അഞ്ജൻ നഗറിൽ 'കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും' എന്ന വിഷയം മുരളി തുമ്മാരുകുടി അവതരിപ്പിക്കും.
11നും 12നും പ്രതിനിധി സമ്മേളനം തുടരും.11ന് ഭരണഘടനാ സംരക്ഷണ സെമിനാർ, പ്രതിഭാസംഗമം,കെ.പി.എ.സിയുടെ 'പാട്ടബാക്കി' നാടകം എന്നിവ നടക്കും. 12ന് ആലപ്പുഴ കടപ്പുറത്ത് വോളന്റിയർ പരേഡും പൊതുസമ്മേളനവും ഡി. രാജ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ഓണം ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പുനരാരംഭിക്കും.'നാടകത്തിന്റെ രാഷ്ട്രീയം' എന്ന സെമിനാർ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന മെഗാതിരുവാതിര മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 7ന് തോപ്പിൽഭാസിയുടെ ഷെൽട്ടർ നാടകം അരങ്ങേറും.
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാ പ്രയാണം നാളെ ഉച്ചയ്ക്ക് 2ന് തുടങ്ങും. അടുത്തദിവസം നൂറ് വനിതാ അത്‌ലറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗറിലെത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം ദീപശിഖ ഏറ്റുവാങ്ങും. ആലപ്പുഴ ബീച്ചിൽ നാളെ വൈകിട്ട് 4ന് നടക്കുന്ന സെമിനാർ വന്ദേമാതരം ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. ബാവുൽ ഗായിക ശാന്തിപ്രിയ പാട്ടും പറച്ചിലും പരിപാടിയിൽ സംബന്ധിക്കും. വൈകിട്ട് 6ന് ഗാനസന്ധ്യയും 7ന് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവും അരങ്ങേറും.