മകളെയും ബന്ധുവിനെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച പ്രതി അറസ്റ്റിൽ
Monday 08 September 2025 12:16 AM IST
പാണത്തൂർ(കാസർകോട്): മദ്യപിച്ച് മകൾക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജിനെ(46)യാണ് രാജപുരം പൊലീസ് പിടികൂടിയത്. പാറക്കടവിലെ വീട്ടിനുള്ളിൽ കട്ടിലിന് അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.
തിരുവോണത്തിന് രാത്രിയാണ് 17 വയസുള്ള തന്റെ മകളുടേയും സഹോദരന്റെ 10 വയസുള്ള മകളുടെയും ദേഹത്ത് മനോജ് ആസിഡ് ഒഴിച്ചത്. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന മനോജും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. ഇതെ തുടർന്നുള്ള വിരോധം കാരണമാണ് ഇയാൾ ആസിഡ് ഒഴിച്ചത്. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികൾ അപകടനില തരണം ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.