ലോകത്തിലെ ആദ്യ ട്രില്യണറാകാൻ മസ്‌ക്
മസ്‌കിനായി പുതിയ പാക്കേജ് പ്രഖ്യാപിച്ച് ടെസ്‌ല
കൊച്ചി: ലോക ചരിത്രത്തിൽ ആദ്യമായി ലക്ഷം കോടി ഡോളർ(88 ലക്ഷം കോടി രൂപ) ആസ്തി കൈവരിക്കാൻ ആഗോള വാഹന കമ്പനിയായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഇലോൺ മസ്‌കിന് അവസരമൊരുങ്ങുന്നു. പത്ത് വർഷത്തിനുള്ളിൽ കമ്പനിയുടെ വളർച്ച പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചാൽ ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള ഓഹരികൾ നൽകുമെന്ന പാക്കേജിനാണ് ടെസ്‌ലയുടെ ഡയറക്‌ടർ ബോർഡ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ധനവാനാണ് ഇലോൺ മസ്‌ക്.അനവധി നിബന്ധനകളോടെയാണ് പാക്കേജ്. ടെസ്‌ലയുടെ മൂല്യം പത്ത് വർഷത്തിനുള്ളിൽ 8.5 ലക്ഷം കോടി ഡോളറിലെത്തിക്കണമെന്നതാണ് പ്രധാന നിബന്ധന. അടുത്ത പത്ത് വർഷത്തേക്ക് ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പദവിയിൽ നിർബന്ധമായും തുടരണം. ഇക്കാലയളവിൽ ഓഹരികൾ വിൽക്കാനോ കൈമാറാനോ കഴിയില്ല. എന്നാൽ ബോർഡിൽ വോട്ട് അവകാശമുണ്ടാകും.
മറ്റ് നിബന്ധനകൾ
1. പ്രതിവർഷം രണ്ട് കോടി വാഹനങ്ങളുടെ വിൽപ്പന കൈവരിക്കണം. കമ്പനിയുടെ 21 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 76 ലക്ഷം വാഹനങ്ങൾ മാത്രമാണ് വിൽപ്പന നടത്തിയിട്ടുള്ളത്
2. ടെസ്‌ലയുടെ ഒപ്‌റ്റിമസ് പ്രോഗ്രാമിലൂടെ പത്ത് ലക്ഷം ഹൂമനോയിഡ് റോബോട്ടുകൾ വിറ്റഴിക്കണം. 2021ൽ ഇവയുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയെങ്കിലും ഇതുവരെ ഒന്നും വിറ്റഴിച്ചിട്ടില്ല
ടെസ്‌ലയുടെ മൂല്യം 8.5 ലക്ഷം കോടി ഡോളറാക്കണം
പത്ത് വർഷത്തിനുള്ളിൽ ടെസ്‌ലയുടെ മൂല്യം 8.5 ലക്ഷം കോടി ഡോളറാക്കുകയെന്ന ഭഗീരഥ പ്രയത്‌നമാണ് മസ്‌കിന് മുന്നിലുള്ളത്. നിലവിൽ ടെസ്‌ലയുടെ വിപണി മൂല്യം 1.1 ലക്ഷം കോടി ഡോളറാണ്. ഈ ലക്ഷ്യം കൈവരിച്ചാൽ കമ്പനിയുടെ മൂല്യം ജർമ്മനിയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിനും(ജി.ഡി.പി) മുകളിലെത്തും. ഇന്ത്യയുടെ ജി.ഡി.പിയുടെ ഇരട്ടിയാണിത്.
നിലവിൽ ഇലോൺ മസ്‌കിന്റെ ആസ്തി
43,780 കോടി ഡോളർ