ഗുരുദേവ ജയന്തിയുടെ പുണ്യം നുകർന്ന് ശിവഗിരി
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് തിരുജയന്തി മഹാസമാധിസ്ഥാനമായ ശിവഗിരിയിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ ആയിരങ്ങൾ പുണ്യദിനത്തിന്റെ സുകൃതം നുകർന്നു.
പുലർച്ചെ പർണശാലയിൽ ശാന്തിഹവനം, ശാരദാമഠത്തിൽ വിശേഷാൽ പൂജ,മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, ചതയപൂജ, തിരുഅവതാര മുഹൂർത്ത പ്രാർത്ഥന തുടങ്ങി സമാരാധനകൾക്കു ശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം നടന്നു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ആഘോഷത്തിന് തുടക്കമായത്. വൈദികമഠത്തിൽ മഹാസമാധിദിനം വരെ നീണ്ടുനിൽകുന്ന ജപയജ്ഞത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്വാമി സച്ചിദാനന്ദ ദീപം തെളിച്ചു. തിരുജയന്തി സമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തിസന്ദേശം നൽകി. തിരുജയന്തി വിശ്വസാഹോദര്യസമ്മേളനം ദുബായ് പൊലീസ് മേജർ ഡോ.ഒമർ അൽ മർസൂക്കി നിർവ്വഹിച്ചു. ഗുരുമൊഴി - പ്രഭാഷണപരമ്പരയും നടന്നു. ആത്മീയ സാമൂഹിക കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ശിവഗിരിക്കുന്നുകളിലും ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം, മഹാസമാധി എന്നിവിടങ്ങളിലും ചതയദീപം തെളിച്ചു. മഹാസമാധിയിലെ വിശേഷാൽപൂജകൾക്കു ശേഷം ഗുരുദേവന്റെ പൂർണ്ണകായചിത്രം അണിയിച്ചൊരുക്കിയ ഗുരുദേവറിക്ഷ ശിവഗിരികുന്നിറങ്ങിയതോടെയാണ് ജയന്തി ഘോഷയാത്ര ആരംഭിച്ചത്. സ്വാമി സച്ചിദാനന്ദ ജയന്തിആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദ , ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, ഘോഷയാത്ര കമ്മിറ്റിചെയർമാൻ അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.ഗുരുദേവറിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകൾ, ഗുരുവിഗ്രഹം വഹിക്കുന്ന കമനീയരഥം, ശിങ്കാരിമേളം, കലാരൂപങ്ങൾ, ഗുരുദേവദർശനത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഫ്ലോട്ടുകൾ തുടങ്ങിയവ അണിനിരന്നു. ഭക്തജനങ്ങൾ പ്രാർത്ഥനകൾ ഉരുവിട്ട് വർണ്ണശബളമായ ഘോഷയാത്രയിൽ അണിചേർന്നു . ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, ശിവഗിരി നഴ്സിംഗ് കോളേജ്, എസ്.എൻ കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, കെടാവിത്തുവിള, പുത്തൻചന്ത, ആയുർവ്വേദാശുപത്രി ജംഗ്ഷൻ, മൈതാനം, റെയിൽവേസ്റ്റേഷൻ വരെ പോയി മടങ്ങി മഠ്ജംഗ്ഷൻ, തുരപ്പിൻമൂട് വഴി രാത്രിയോടെ ഘോഷയാത്ര മഹാസമാധിയിൽ എത്തിച്ചേർന്നു.