കുന്നംകുളം സ്റ്റേഷനിലെ ക്രൂരത: കടുത്ത നടപടി, നോട്ടീസ് ഉടൻ
തിരുവനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി മർദ്ദനക്കേസിൽ സസ്‌പെൻഷനിലായ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കടുത്തനടപടികളിലേക്ക് കടക്കുന്നു. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണ നടപടി തുടങ്ങി. കേസിന്റെ എല്ലാ ഫയലുകളും കൈമാറാൻ റേഞ്ച് ഡി.ഐ.ജി എസ്. ഹരിശങ്കറിനോട് ഐ.ജി രാജ്പാൽ മീണ ആവശ്യപ്പെട്ടിട്ടുണ്ട്. നാലു പേർക്കും ഐ.ജി കാരണം കാണിക്കൽ നോട്ടീസ് നൽകും. പിരിച്ചുവിടൽ,തരംതാഴ്ത്തൽ തുടങ്ങിയ കടുത്ത നടപടികൾ ആലോചിക്കുന്നുണ്ട്. നോട്ടീസിന് മറുപടി നൽകാൻ 15ദിവസം സമയം നൽകും. ഇതിന് ശേഷം നേരിട്ട് തങ്ങളെ കേൾക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടാൽ ഇതിനും അവസരമൊരുക്കും. ഈ നടപടിയ്ക്കും 15ദിവസപരിധിയുണ്ട്. തുടർന്നാകും ഏത് തരത്തിലുള്ള നടപടി വേണമെന്ന് സർക്കാരുമായി കൂടിയാലോചിച്ച് ഡി.ജി.പി തീരുമാനിക്കുക. ചട്ടവിരുദ്ധപ്രവർത്തനം നടത്തിയ പൊലീസുകാരെ പിരിച്ചുവിടാൻ ഉൾപ്പെടെ വകുപ്പുണ്ടെന്ന നിയമോപദേശമാണ് ഡി.ജി.പിയ്ക്ക് ലഭിച്ചത്.
രണ്ടര വർഷം മുമ്പ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത് നേരിട്ട ക്രൂരത സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പുറത്തറിഞ്ഞത്.
എസ്.ഐ നുഹ് മാൻ(നിലവിൽ വിയ്യൂർ സ്റ്റേഷൻ), സീനിയർ സി.പി.ഒ ശശിധരൻ(തൃശൂർ ടൗൺ ഈസ്റ്റ് സ്റ്റേഷൻ), സി.പി.ഒമാരായ സന്ദീപ്(മണ്ണുത്തി സ്റ്റേഷൻ), സജീവൻ(തൃശൂർ ടൗൺ ഈസ്റ്റ് സ്റ്റേഷൻ) എന്നിവരാണിപ്പോൾ സസ്‌പെൻഷനിലുള്ളത്. പങ്കാളിയായ പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെതിരെ നടപടിയില്ല. സുഹൈർ കുറ്റാരോപിതനാണെങ്കിലും പൊലീസിൽ നിന്ന് മാറി വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായി പഴയന്നൂരിൽ ജോലി നോക്കുകയാണ്.