അടിച്ചുപൂസായി സവാരി; കുതിരയുടെ ജീവൻ നടുറോഡിൽ പൊലിഞ്ഞു
കൊച്ചി: റൈഡറുടെ അശ്രദ്ധ നടുറോഡിൽ മിണ്ടാപ്രാണിയായ കുതിരയുടെ ജീവനെടുത്തു. സംഭവത്തിൽ സവാരിക്കാരനായ ചേരാനെല്ലൂർ തൈക്കാവ് സ്വദേശി ഫത്തഹുദ്ദീനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.30ഓടെ കളമശേരി-ചേരാനെല്ലൂർ കണ്ടെയ്‌നർ റോഡിൽ മഞ്ഞുമ്മൽ പാലത്തിന് സമീപത്താണ് കാറിടിച്ച് കുതിരയ്ക്ക് സാരമായി പരിക്കേറ്റതും തുടർന്ന് ചത്തതും. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു സവാരി. പരിക്കേറ്റ ഫത്താഹുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല. ഇയാൾ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. മീഡിയനിലൂടെ പോകുന്നതിനിടെ യാതൊരു ശ്രദ്ധയുമില്ലാതെ കുതിരയെ റോഡിലേക്ക് ഇറക്കിയതാണ് അപകടത്തിന് ഇടയാക്കിയത്. കുതിര ബോണറ്റിലേക്കും മുന്നിലെ ചില്ലിലേക്കും ഇടിച്ചുകയറി. റോഡിലേക്ക് തെറിച്ചും വീണു.
ഫത്താഹുദ്ദീന്റെ ബന്ധുവും ചേരാനെല്ലൂർ സ്വദേശിയുമായ നദീറിന്റെ നാലര വയസ് പ്രായമുള്ള ആൺ കുതിരയാണ് ചത്തത്. കാർഡ്രൈവറായ പോത്താനിക്കാട് സ്വദേശി ജോസഫ് ജോർജിന്റെ പരാതിയിലാണ് കേസ്.
റോഡിലേക്ക് വീണാണ് ഫത്തഹുദ്ദീനും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുതിര ചോരയിൽ കുളിച്ച് മണിക്കൂറോളം റോഡിൽ കിടന്നു. ക്രെയിൻ എത്തിച്ച് മിനിലോറിയിലേക്ക് മാറ്റി തൃശൂർ വെറ്ററിനറി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ചത്തത്. '' മകളെ വരാപ്പുഴയിലെ വീട്ടിൽ കൊണ്ടുവിട്ട് തിരികെ പോകുമ്പോഴായിരുന്നു അപകടം. വഴിവിളക്ക് ഉണ്ടായിരുന്നില്ല. പൊടുന്നനെ മീഡിയനിൽ നിന്ന് എന്തോ ഇറങ്ങുന്നതായാണ് കണ്ടത്. ബ്രേക്ക് ചവിട്ടിയെങ്കിലും ഫലമുണ്ടായില്ല. 65,000 രൂപയുടെ നഷ്ടമാണ് കാറിനുണ്ടായത്. ഒരു ടോർച്ച് എങ്കിലും സവാരിക്കാരൻ കൈയിൽ കരുതിയിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. ചില്ലുകൊണ്ട് കൈയ്ക്ക് മുറിവേറ്റു'' കാർ ഡ്രൈവർ ജോസഫ് ജോർജ് പറഞ്ഞു.
മൃഗങ്ങളോടുള്ള ആശ്രദ്ധപരമായ പെരുമാറ്റം, അശ്രദ്ധ മൂലം മൃഗങ്ങൾക്കുണ്ടാകുന്ന പരിക്ക് എന്നിങ്ങനെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കുതിരയ്ക്ക് ഇൻഷ്വറൻസ് ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനറിയാതെ ഫത്തഹുദ്ദീൻ കുതിരയെ കൊണ്ടു പോയി എന്നാണ് ഉടമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുതിരയെ സംസ്‌കരിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 18ന് അപകടകരമായ രീതിയിൽ കുതിരയെ ഓടിച്ച് തോപ്പുംപടി സ്വദേശി ജോയൽ ജസ്റ്റിന്റെ കാറിന് കേടുപാടുണ്ടാക്കിയതിന് നദീറിനെതിരെ ചേരാനല്ലൂർ പൊലീസിന് പരാതി ലഭിച്ചിരുന്നു. ഒരുവയസ് താഴെ പ്രായമുള്ളപ്പോൾ മുതൽ കുതിരയുമായി ഫത്തഹുദ്ദീൻ സവാരി ചെയ്യുന്നുണ്ട്.
കുതിരയുമായി റോഡിൽ ഇറക്കുന്നതിന് പ്രത്യേക ലൈസൻസ് വേണമെന്നില്ല. സൈക്കിൾ എങ്ങിനെയാണോ കൊണ്ടുപോകുന്നത് അതുപോലെ തന്നെയാണ്. എന്നാൽ മറ്റു യാത്രികർക്ക് അപകടമുണ്ടാക്കരുത്. രാത്രികാലങ്ങളിൽ കുതിരയുമായി പുറത്തിറങ്ങുമ്പോൾ റൈഡർ റിഫ്‌ളക്ടറുള്ള ജാക്കറ്റ് ധരിക്കുകയോ കുതിരയുടെ ദേഹത്ത് റിഫ്‌ളക്ടർ പതിപ്പിക്കുകയോ ചെയ്യണം.
റോയ്
ബ്ളാക്ക് സ്റ്റാലിയൻ ഹോഴ്‌സ് റൈഡിംഗ് അക്കാഡമി