ശ്രീനാരായണഗിരിയിലെ 71 -ാമത് വിവാഹം: ആർഷ ഇനി ദീപക്കിന് സ്വന്തം

Monday 08 September 2025 1:56 AM IST

ആലുവ: ശ്രീനാരായണഗിരി സേവിക സമാജത്തിലെ അന്തേവാസി ആർഷ വിബീഷ് ഇനി ആലുവ അശോകപുരം മനക്കപ്പടി മഹാദേവ ക്ഷേത്രത്തിന് സമീപം വരിക്കൽ വീട്ടിൽ ദീപക് ദിവാകരന് സ്വന്തം. 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ ശ്രീനാരായണഗിരിയിൽ ഗുരുദേവൻ തപസിരുന്ന ശിലയ്ക്ക് മുന്നിൽ ദീപക് ആർഷക്ക് മിന്നുചാർത്തി.

ഇരുവരുടെയും ബന്ധുക്കളുടെയും ശ്രീനാരായണ ഗിരി അധികൃതരുടെയും സാന്നിദ്ധ്യത്തിലായിരുന്നു താലികെട്ട്. ശ്രീനാരായണ ഗിരി അഡ്വൈസറി ബോർഡ് മെമ്പർ ഡോ. ജി. മോഹൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഗിരിയിൽ വിഭവസമൃദ്ധമായ സദ്യ നടന്നു. ശ്രീനാരായണഗിരിയിൽ നടക്കുന്ന 71 -ാമത് വിവാഹമാണ്. ഇടുക്കി ശാന്തൻപാറ സ്വദേശിനിയായ ആർഷയും ഇളയ സഹോദരി അക്ഷയയും മാതാവിന്റെ മരണത്തെ തുടർന്ന് 10 വർഷം മുമ്പാണ് ശ്രീനാരായണ ഗിരിയിലെത്തിയത്. ഡ്രൈവറായ പിതാവ് കുട്ടികളുടെ സംരക്ഷണം ഗിരിയെ ഏൽപ്പിക്കുകയായിരുന്നു. ബിരുദവും കമ്പ്യൂട്ടർ കോഴ്‌സും പൂർത്തിയാക്കിയ ആർഷ നിലവിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. സഹോദരി നഴ്‌സിംഗിന് തയ്യാറെടുക്കുകയാണ്.

കാർമ്മൽ ആശുപത്രി കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദീവകരന്റെ മകനായ ദീപക് അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചൂർണിക്കര എട്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റായ വിഷ്ണു ദിവാകരൻ ഏക സഹോദരനാണ്.