കുന്നംകുളം കസ്റ്റഡി മർദ്ദനം: കള്ളക്കേസ് റദ്ദാക്കാൻ സുജിത്ത് ഹൈക്കോടതിയിലേക്ക്

Monday 08 September 2025 12:00 AM IST

തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ എസ്.ഐയും സംഘവും മർദ്ദിച്ചശേഷം ചുമത്തിയ കള്ളകേസുകൾ റദ്ദാക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത് ഹൈക്കോടതിയെ സമീപിക്കും. രണ്ടുദിവസത്തിനകം അഡ്വ.ജോർജ് പൂന്തോട്ടം മുഖാന്തരമാണ് എഫ്.ഐ.ആർ റദ്ദാക്കാൻ ഹർജി നൽകുക. സുഹൃത്തുക്കളെ പൊലീസ് പിടികൂടിയത് ചോദ്യം ചെയ്ത സുജിത്തിനെ 2023 ഏപ്രിൽ ആറിനാണ് സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ സുജിത്ത് ബലം പ്രയോഗിച്ച് ജീപ്പിൽ നിന്നും ഇറക്കിയെന്നും എസ്.ഐ. നൂഹ്മാനെ ആക്രമിച്ച് കൈവിരൽ തിരിച്ച് പരിക്കേൽപ്പിച്ചെന്നും യൂണിഫോം വലിച്ചുകീറിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഐ.പി.സി 201, 225 ബി, 332, 353, 427, 34, അബ്കാരി നിയമത്തിലെ 15 തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

സുഹൈറിനെയും

ശിക്ഷിക്കണം

വി.എസ്.സുജിത്തിനെ മർദ്ദിച്ച പൊലീസുകാരുടെ സംഘത്തിലുണ്ടായിരുന്ന സുഹൈറിനെതിരെയും നടപടി വേണമെന്ന് കോൺഗ്രസ്. ഇപ്പോൾ പഴയന്നൂർ പഞ്ചായത്തിൽ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായി ജോലി ചെയ്യുകയാണ്. പ്രതി ചേർക്കാൻ അഡ്വ.ആർ.ബി.രാജീവ് വഴി കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സുജിത്ത് ഇന്ന് ഹർജി നൽകും. വകുപ്പ് തല നടപടി ആവശ്യപ്പെട്ട് തൃശൂരിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും സുജിത്ത് പരാതി കൈമാറും. സുജിത്തിനെ മർദ്ദിച്ച എസ്.ഐ. നൂഹ്മാൻ, സീനിയർ സി.പി.ഒ. ശശിധരൻ, സി.പി.ഒമാരായ സജീവൻ, എസ്.സന്ദീപ് എന്നിവരെ ഡി.ഐ.ജി. എസ്.ഹരിശങ്കറിന്റെ ശുപാർശപ്രകാരം ഉത്തരമേഖലാ ഐ.ജി. രാജ്പാൽ മീണ ശനിയാഴ്ച വൈകിട്ട് സസ്‌പെൻഡ് ചെയ്തിരുന്നു.