സാംസ്‌കാരത്തിന് കളങ്കം: സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു നവോത്ഥാന പ്രക്രിയയ്ക്ക് തുടക്കം കുറിച്ച് ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്നത് കാണാതിരിക്കാനാകില്ലെന്നും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രത്തിൽ പാത്രങ്ങൾ കഴുകുന്നതിൽപോലും പിന്നാക്ക ദളിത വിഭാഗങ്ങൾക്ക് ഭ്രഷ്ട് കൽപിക്കുകയാണ് . ഗുരുവായൂരിൽ നടന്ന പുണ്യാഹവും ഇതുതന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരു സ്വപ്നം കണ്ട ലോകത്തേക്ക് പോകാൻ നാം ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ട സ്ഥിതിവിശേഷമാണ്. ഗുരുദേവൻ സ്വപ്നം കണ്ട സോദരത്വേന വാഴുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കാനുള്ള കൂട്ടായ ശ്രമവും പ്രവർത്തനങ്ങളുമാണ് അനിവാര്യമെന്നും ഇതിന് മതേതര സർക്കാർ മാത്രം വിചാരിച്ചാൽ പോരെന്നും അദ്ദേഹം പറഞ്ഞു.