മുൻ എസ്.എഫ്.ഐ നേതാവിന്റെ ആരോപണം: പൊലീസ് മൂന്നാംമുറ:തലയൂരാൻ 15 ലക്ഷവുമായി ഡിവൈ.എസ്.പി

Monday 08 September 2025 12:00 AM IST

പത്തനംതിട്ട: പൊലീസിന്റെ മൂന്നാംമുറയ്ക്ക് ഇരയായ

മുൻ എസ്. എഫ്.ഐ നേതാവ് നിയമനടപടികളിൽനിന്ന്

പിൻമാറാൻ ഡിവൈ.എസ്.പി ദൂതൻവഴി 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ആക്ഷേപം.

ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ മധുബാബുവിനെതിരെ

എസ്.എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടാണ് ആരോപണം ഉന്നയിച്ചത്.

2012ൽ മർദ്ദനമേറ്റ സംഭവത്തിൽ 2015ലാണ് ദൂതൻ വീട്ടിൽ വന്നതെന്ന് ജയകൃഷ്ണൻ പറയുന്നു.

വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ സി.പി.എം നേതാക്കളെ സമീപിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകണമെന്ന നിർദേശമാണ് ജയകൃഷ്ണന് പാർട്ടി നൽകിയത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്. എഫ്. ഐ കോന്നി ഏരിയ സെക്രറിയായ ജയകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. കോന്നി സി.ഐയായിരുന്ന മധുബാബു രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയുടെ മുന്നിലിട്ട് മർദ്ദിച്ചശേഷം ജീപ്പിൽ കയറ്റി കോന്നി സ്റ്റേഷനിലെത്തിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച ശേഷമാണ് മർദ്ദിച്ചത്. ഒരു കേസിലും പ്രതിയായിരുന്നില്ലെന്ന് ജയകൃഷ്ണൻ പറഞ്ഞു.

കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദനങ്ങളുടെ വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തൽ.

കർണപുടം തകർത്തു;

കണ്ണിൽ മുളക് സ്പ്രേ

ജയകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത് :

മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസർമാർ ഇപ്പോഴും സേനയുടെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞുനടക്കുന്നു. ഞാൻ എസ്. എഫ്. ഐ ഭാരവാഹി ആയിരിക്കുമ്പോഴാണ് (യു.ഡി.എഫ് ഭരണകാലത്ത് ) അന്നത്തെ കോന്നി സി.ഐ മധുബാബു ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കിയത്. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു. കണ്ണിലും ദേഹത്തും മുളക് സ്‌പ്രേചെയ്തു. പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം. ആറുമാസം മെഡിക്കൽ കോളേജിൽ ചികിത്സതേടി. അന്നത്തെ ഭരണകൂടം മൂന്ന് മാസത്തിലധികം ജയിലിൽ അടച്ചു. ഒറ്റരാത്രി കൊണ്ടാണ് നിരവധി കേസുകളെടുത്തത്. എല്ലാത്തിലും വെറുതെവിട്ടു. 14 വർഷമായി കേസ് നടത്തുന്നു. പത്തനംതിട്ട എസ്.പിയായിരുന്ന ഹരിശങ്കർ കുറ്റക്കാരനായ മധുബാബുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. ഇതുവരെ നടപടിയുണ്ടായില്ല. ഹൈക്കോടതിയിൽ കേസ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. കാശ് തന്നാൽ എല്ലാവരെയും വിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് ക്രിമിനൽ പൊലീസുകാർ അറിയണം.