യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ

Sunday 07 September 2025 11:49 PM IST

അടൂർ: വാട്സാപ് വഴി സന്ദേശമയച്ച് യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. അടൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ സുനിലിനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. അടുത്തിടെയാണ് സുനിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും അടൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. 2022 നവംബറിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ നമ്പർ സുനിലിന്റെ കൈവശം എത്തുന്നത്.തുടർന്ന്‌ യുവതിയുടെ നമ്പരിലേക്ക് വാട്സാപ്പ് വഴി ഗുഡ് മോർണിംഗ് ,ഗുഡ് നൈറ്റ്,സുഖമാണോ തുടങ്ങിയ സന്ദേശങ്ങൾ അയച്ചെന്നും പരാതിക്കാരിയുടെ പേര് ചോദിച്ചെന്നുമാണ് ആരോപണം. പരാതിക്കാരിയെ ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളിലൂടെ കുറ്റകരമായി പിന്തുടർന്നു എന്നു കാണിച്ച് തിരുവല്ല പൊലീസ് സുനിലിനെതിരെ കേസെടുത്തിട്ടുണ്ട്.