ദൃശ്യങ്ങളിൽ  മർദ്ദനം,  കോഴ: പീച്ചി  ലോക്കപ്പ്  മർദ്ദനത്തിൽ ക്രൈംബ്രാഞ്ച്  അന്വേഷണം

Monday 08 September 2025 12:00 AM IST

തൃശൂർ:പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ജീവനക്കാർക്ക് പീച്ചി പൊലീസ് സ്‌റ്റേഷനിൽ മർദനമേറ്റ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചെങ്കിലും പൊലീസ് മർദ്ദനം പുറത്തുവന്നിരുന്നില്ല.

2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം. പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷ്, സഹോദരപുത്രൻ ജിനീഷ് എന്നിവർ പട്ടിക്കാട് സെന്ററിലെ ഹോട്ടലിൽ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് തർക്കമുണ്ടാക്കി. വിഷയം ഹോട്ടലുകാർ സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. പിന്നാലെ ജീവനക്കാർ മർദ്ദിച്ചെന്ന് ആരോപിച്ച് ദിനേഷും ജിനീഷും പരാതി നൽകി.

സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹോട്ടൽ മാനേജർ റോണി ജോണിനെയും ഡ്രൈവർ ലിവിൻ ഫിലിപ്പിനെയും

എസ്.ഐ രതീഷ് മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹോട്ടൽ ഉടമ കെ.പി.ഔസേപ്പും മകൻ പോൾ ജോസഫും പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.

പിന്നാലെ, തർക്കമുണ്ടായപ്പോൾ, തങ്ങളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു നിറുത്തുന്നതും ബലപ്രയോഗം നടത്തുന്നതുമായ ദൃശ്യങ്ങൾ ഭക്ഷണം കഴിക്കാൻ വന്ന പരാതിക്കാരും പുറത്തുവിട്ടു. അതിനു മറുപടിയായി. പരാതിക്കാരെ വീട്ടിൽവരുത്തി പണം കൈമാറുന്ന ദൃശ്യങ്ങൾ ഹോട്ടൽ ഉടമയും പുറത്തുവിട്ടു. അഞ്ചു ലക്ഷം നൽകിയെന്നാണ് ഉടമ വെളിപ്പെടുത്തിയത്.വെറുംഅയ്യായിരം മാത്രമെന്ന നിലപാടിലാണ് പരാതിക്കാർ.

ദക്ഷിണ മേഖലാ ഐ.ജി.ശ്യാം സുന്ദറിന്റെ പരിഗണനയിലാണ് കേസ്.

നടപടിയില്ല, സ്ഥാനക്കയറ്റം

2023ൽ നടന്ന സംഭവത്തിൽ അന്നത്തെ തൃശൂർ സിറ്റി എ.സി.പിയും ഡി.ഐ.ജി അജിത ബീഗവും നടത്തിയ അന്വേഷണത്തിൽ എസ്.ഐ.രതീഷ് മർദ്ദിച്ചെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തി. അന്വേഷണം പൂർത്തിയാകും മുൻപേ രതീഷിന് സ്ഥാനക്കയറ്റം ലഭിച്ചു. കൊച്ചിയിലെ കടവന്ത്ര സ്റ്റേഷനിലേക്ക് ഇൻസ്‌പെക്ടറായിട്ടായിരുന്നു മാറ്റം. ദക്ഷിണമേഖല ഐ.ജിയുടെ കൈവശം 2025 ജനുവരി മുതൽ റിപ്പോർട്ട് ഉണ്ടെങ്കിലും ഒമ്പത് മാസമായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

അഞ്ചുലക്ഷം നൽകാൻ

എസ്.ഐ പറഞ്ഞെന്ന്

(വാദം ഇങ്ങനെ)

1. പരാതി പിൻവലിപ്പിക്കാൻ പരാതിക്കാരനായ ദിനേഷിന് അഞ്ചുലക്ഷം നൽകാൻ പീച്ചി സ്റ്റേഷനിലെ എസ്.ഐയായിരുന്ന പി.എം.രതീഷ് നിർബന്ധിച്ചെന്ന് ഹോട്ടൽ ഉടമ ഔസേപ്പ്

2. പണം നൽകിയത് മകനെയുൾപ്പെടെ വധശ്രമം - പോക്‌സോ കേസിൽ ഉൾപ്പെടെ ചുമത്തുമെന്ന് പറഞ്ഞതിനാൽ

3. പരാതിക്കാരൻ ദിനേശിന് രണ്ട് ലക്ഷം, പൊലീസിന് മൂന്ന് ലക്ഷം എന്നു കണക്കാക്കിയാണ് അഞ്ച് ലക്ഷം നൽകിയതെന്നും വാദം.

അയ്യായിരം തന്നെന്ന്

പരാതിക്കാരൻ

1. മോശം ബിരിയാണി തന്നതിനും മർദ്ദിച്ചതിനുമെതിരെ നൽകിയ കേസിൽ അയ്യായിരം രൂപയാണ് ചികിത്സാച്ചെലവ് എന്ന വിധം കിട്ടിയതെന്ന് പരാതിക്കാരൻ ദിനേശ്

2. കേസ് പിൻവലിക്കുന്ന ചർച്ചയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഔസേപ്പ് വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി.

3. പണം അടങ്ങുന്ന കവർ തന്നെങ്കിലും കാറിൽ വച്ച് ഡ്രൈവർ തിരികെ വാങ്ങി. ഒത്തുതീർപ്പായ ശേഷം ബാക്കി നൽകാമെന്നാണ് പറഞ്ഞതത്രേ.