നിപ സാന്നിദ്ധ്യം മനുഷ്യരിലും മൃഗങ്ങളിലും തിരിച്ചറിയാം

Monday 08 September 2025 12:40 AM IST

തിരുവനന്തപുരം : മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ.എ.വി). ലക്ഷണങ്ങളില്ലാതെ രോഗം വന്നു പോയവരിൽ വൈറസിന്റെ ആന്റിബോഡി തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനയാണിത്. രാജ്യത്ത് ആദ്യമായാണിത്.

നിലവിൽ ഐ.എ.വിയിൽ ഉൾപ്പെടെ രോഗബാധിതരിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ പരിശോധന മാത്രമാണുള്ളത്.2023ലാണ് രക്ത പരിശോധനാ കിറ്റ് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇക്കാലയളവിൽ മലപ്പുറത്ത് നിപ്പാ ബാധിതരായവരുടെയും അടുത്തിടെ പാലക്കാട്ടും മലപ്പുറത്തും നിന്നും ശേഖരിച്ച വളർത്തുന്ന മൃഗങ്ങളുടെയും സാമ്പിളുകളിൽ പരീക്ഷിച്ചിരുന്നു. ഐ.എ.വി ഡയറക്ടർ ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ.അനിതയുടെ മേൽനോട്ടത്തിലുള്ള മൈക്രോബയോളജി വകുപ്പിന്റെ സഹകരത്തോടെയാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. സംസ്ഥാന ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെയും സഹകരണത്തോടെ, ലക്ഷണങ്ങളില്ലാതെ രോഗം വന്നു പോയ മനുഷ്യരെയും മൃഗങ്ങളെയും കണ്ടെത്താനുള്ള സീറോ സർവൈലൻസ് പഠനങ്ങൾ നിപ മേഖലയിൽ ഐ.എ.വി ആരംഭിച്ചതായി ഡയറക്ടർ ‌ഡോ.ഇ.വി.ശ്രീകുമാർ വ്യക്തമാക്കി.

ലക്ഷ്യങ്ങൾ

□വവ്വാലുകളാണോ വൈറസിന്റെ ഉറവിടം, മറ്റു മൃഗങ്ങൾക്ക് പങ്കുണ്ടോ? □നിപബാധിച്ചിട്ടും ഗുരുതരമാകാതെ, മറ്റുള്ളവരിലേക്ക് വൈറസ് പകരുന്ന രോഗവാഹകരുണ്ടോ?

□ഫലം 24 മണിക്കൂറിൽ. വൈറസ് ബാധയേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം ആന്റിബോഡി രൂപപ്പെടാം. 24മണിക്കൂറിനുള്ളിൽ ആന്റിബോ‌ഡി പരിശോധനയുടെ ഫലം ലഭിക്കും. സ്യൂഡോവൈറിയോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധന ഐ.എ.വിയിലെ ബി.എസ്.എൽ 2 ലാബിൽ നടത്താം.

'പകർച്ചവ്യാധി പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയാണ് വൈറോഇൻളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങൾ'

- മന്ത്രി വീണാ ജോർജ്