സ്‌റ്റൈലൻ സബലേങ്ക

Monday 08 September 2025 9:28 AM IST

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസ് കിരീടം നിലനിറുത്തി ബെലറൂസ് താരം അരീന സബലേങ്ക. ഫൈനലിൽ യു.എസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് സബലേങ്ക കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്.സ്കോർ 6-3,7-6. ഇടയ്‌ക്കൊന്ന് കാലിടറിയെങ്കിലും പതറാതെ പൊരുതിയാണ് നിറഞ്ഞ് കവിഞ്ഞ ഇരുത്തി അയ്യായിരത്തോളം കാണികളെ സാക്ഷി നിറുത്തി ആർതർ ആഷെ കോർട്ടിൽ നാട്ടുകാരിയായ അനിസിമോവയെ സബലേങ്ക വീഴ്‌ത്തിയത്. ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫൈനലിൽ കാലിടറിയ സബലേങ്ക എന്നാൽ യു.എസ് ഓപ്പണിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് ചാമ്പ്യൻപട്ടം സ്വന്തമാക്കുകയായിരുന്നു. അനിസിമോവ തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം ഫൈനലിലാണ് ഇടറി വീഴുന്നത്. കഴിഞ്ഞ വിംബിൾഡൺ ഫൈനലിൽ ഒരു ഗെയിം പോലും നേടാനാകാതെ പോളിഷ് താരം ഇഗ സ്വിയാറ്റക്കിനോടാണ് അനിസിമോവ തോറ്റത്. എന്നാൽ യു.എസ് ഓപ്പൺ കലാശപ്പോരാട്ടത്തിൽ നല്ല പ്രകടനം പുറത്തെടുത്താണ് അനിസിമോവ പൊരുതി തോറ്റത്. മഴമൂലം ആർതർ ആഷെ സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചാണ് ഫൈനൽ മത്സരം നടന്നത്.

സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം നിലനിർത്തുന്ന ആദ്യ താരമായി സബലേങ്ക. 2012,13,14 സീസണുകളിലായിരുന്നു സെറീന തുടർച്ചയായി യു.എസ് ഓപ്പൺ കിരീടം നേടിയത്.