കെഎസ്ആർടിസിയുടെ മാറ്റം ഇനിയും 'തുടരും', 180 ബസുകൾ കൂടി ഗാരേജിലേക്ക്

Monday 08 September 2025 11:00 AM IST

തിരുവനന്തപുരം: നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെ.എസ്.ആർ.ടി.സി. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനാണ്. 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനും.

സൂപ്പർ ക്ലാസ് സർവീസ് നടത്തുന്ന മിക്ക ബസുകളുടേയും കാലാവധി അവസാനിച്ചിരുന്നു. ഇനിയും കാലാവധി നീട്ടി നൽകാനില്ലെന്ന് കണ്ടാണ് പുതിയ ബസുകൾ വാങ്ങുന്നത്. നേരത്തെ ടെൻഡർ നൽകിയ 143 ബസുകളിൽ 86 എണ്ണം എത്തിയിരുന്നു. ഇവയിൽ സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളുടെ ബംഗളൂരു സർവീസുകൾ ആരംഭിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിക്കുന്നത്. ബോഡി നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ശേഷിക്കുന്ന 57 ബസുകൾ കൂടി നിരത്തിലിറക്കും.

എ.സി സ്ലീപ്പർ, എ.സി സീറ്റർ കം സ്ലീപ്പർ, എ.സി സീറ്റർ, പ്രീമിയം സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ, മിനി ബസുകൾ എന്നിങ്ങനെ എല്ലാ ശ്രേണിയിലുമായാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നത്.

പുതിയ ബസുകൾ വാങ്ങുന്നതിന് 107 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതുൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ ആകെ നവീകരണത്തിന് 187 കോടിയാണ് സർക്കാർ അനുവദിച്ചത്.

15 വർഷം പിന്നിട്ട 1,117 ബസുകൾ

15 വർഷം പിന്നിട്ട 1,117 ബസുകളുടെ കാലാവധി കഴിഞ്ഞ സെപ്തംബറിൽ കഴിഞ്ഞെങ്കിലും രണ്ടുവർഷം കൂടി നീട്ടി നൽകിയിരുന്നു. ഇവ നിരത്തിൽ നിന്ന് പിൻവലിച്ചാൽ യാത്രാക്ളേശം രൂക്ഷമാകുമെന്ന് കണ്ടാണിത്. 1800 ദീർഘദൂര ബസുകളിൽ 1669 എണ്ണവും അഞ്ചുവർഷ കാലാവധി കഴിഞ്ഞവയാണ്. കൂട്ടത്തോടെ പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതു കാരണം 15 വർഷം കഴിഞ്ഞ ബസുകൾ പിൻവലിക്കാനോ അഞ്ചു വർഷം കഴിഞ്ഞ ദീർഘദൂര സർവീസ് ബസുകളെ ഓർഡിനറിയാക്കാനോ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി.

''ഇനിയും ബസുകൾ വരും. എല്ലാം മികച്ച സൗകര്യങ്ങളോടു കൂടിയവയായിരിക്കും -കെ.ബി.ഗണേശ്‌കുമാർ,

ഗതാഗതമന്ത്രി