രാവിലെ സിപിഎം, വൈകിട്ട് യുഡിഎഫ്; ഒരു പാലത്തിന് രണ്ട് ഉദ്ഘാടനം

Monday 08 September 2025 10:54 AM IST

കൽപ്പറ്റ: മാനന്തവാടി നഗരസഭയിൽ ഒരു പാലം ഉദ്ഘാടനം ചെയ്തത് രണ്ട് തവണ. ചെന്നലായി ഇല്ലത്തുമൂല റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് തവണ ഉദ്ഘാടനം ചെയ്തത്. രാവിലെ സി പി എമ്മും, വൈകിട്ട് യു ഡി എഫ് ഭരിക്കുന്ന നഗരസഭയും ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പാലത്തിന്റെ പണി പോലും പൂർത്തിയാകാതെയാണ് കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനമെന്നാണ് ആക്ഷേപം. രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇതിലൊരു വാർഡിന്റെ മെമ്പർ സി പി എമ്മും മറ്റേ വാർഡിന്റെ മെമ്പർ യു ഡി എഫുമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ഘാടനങ്ങൾ നടന്നത് എന്നതും ശ്രദ്ധേയമാണ്.