പ്രവാസികൾക്ക് സന്തോഷിക്കാം, 12 നഗരങ്ങളിലേക്ക് പോക്കറ്റ് കീറാതെ പറക്കാം; വമ്പൻ ഓഫറുമായി എത്തിഹാദ്

Monday 08 September 2025 11:55 AM IST

അബുദാബി: ഈ ശൈത്യകാലത്ത് ലോകത്തിലെ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്ലാനുണ്ടോ? അങ്ങനെയുള്ളവർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്സ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില നഗരങ്ങളിലേക്കുള്ള യാത്രാ ടിക്കറ്റിന് 30 ശതമാനം ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. ഈ ഓഫർ ലഭിക്കുന്നതിന് സെപ്റ്റംബർ 12ന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതായുണ്ട്. 2025 സെപ്റ്റംബർ മുതൽ 2026 മാർച്ച് വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകുമെന്നാണ് എത്തിഹാദ് അറിയിച്ചിരിക്കുന്നത്.

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് 2025ന്റെ ആദ്യ പകുതിയിൽ 1.1 ബില്യൺ ദിർഹത്തിന്റെ അറ്റാദായവും യാത്രക്കാരുടെ എണ്ണത്തിലെ റെക്കോർഡും നേടിയെടുത്തിരുന്നു. രണ്ടാം പകുതി ഇതിലും മികച്ചതാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പരിമിതമായ ഈ ഓഫർ 12 നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്.

തായ്ലൻഡിലെ ക്രാബി, ചിയാങ് മായ്, കംബോഡിയയിലെ ഫ്നാമ് പെൻ, അൾജീരിയയിലെ അൾജിയേഴ്സ്, ടുണീഷ്യയിലെ ടുണീസ്, വിയറ്റ്നാമിലെ ഹനോയ്, ഇന്തോനേഷ്യയിലെ മേദാൻ തുടങ്ങിയ ജനപ്രിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾ 1,835 ദിർഹം മുതലാണ് ആരംഭിക്കുന്നത്. എത്യോപ്യയിലെ അഡിസ് അബാബയിലേക്കും റഷ്യയിലെ കസാനിലേക്കുമുള്ള വിമാന ടിക്കറ്റുകൾ 1,465 ദിർഹം മുതൽ ആരംഭിക്കുമ്പോൾ, ഹോങ്കോങ്ങിലേക്കുള്ള ടിക്കറ്റുകൾ 1,935 ദിർഹം മുതൽ ലഭ്യമാണ്.

ഇനിയും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പാകിസ്ഥാനിലെ പെഷവാറിലേക്ക് 895 ദിർഹം മുതൽ പറക്കാം. തായ്‌പേയിലേക്ക് പോകുന്നവർക്ക് 1,985 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. യുഎഇയിൽ അടക്കമുള്ള പ്രവാസികൾ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ എത്തിഹാത് നല്ലൊരു ഓപ്ഷനായിരിക്കും.