തിരുവോണം ബമ്പർ നറുക്കെടുപ്പ് 27ന് വിൽപ്പന പൊടിപൊടിക്കുന്നു  

Tuesday 09 September 2025 12:55 AM IST

ചിറ്റൂർ: 25 കോടി രൂപയുടെ ഒന്നാം സമ്മാനതുകയുള്ള തിരുവോണം ബംബറടിക്കുന്ന മഹാഭാഗ്യശാലിയെ അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു. നാൽപത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ ജില്ലയിൽ വിറ്റത്. പതിവ് പോലെ പാലക്കാടുതന്നെയാണ് ടിക്കറ്റ് വില്പനയിൽ മുന്നിൽ. അയൽ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരിൽ വലിയ വിഭാഗവും. ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ വേലന്താവളം, ഗോപാലപുരം, നടുപ്പുണി, മീനാക്ഷിപുരം, വാളയാർ തുടങ്ങിയ സ്ഥലങ്ങളിൽ നൂറുകണക്കിന് ലോട്ടറി സ്റ്റാളുകളിലായി ലക്ഷകണക്കിന് ടിക്കറ്റുകളാണ് ദൈനം ദിനം വിറ്റഴിയുന്നത്. ഭൂരിഭാഗം ടിക്കറ്റുകളും അയൽ സംസ്ഥാനക്കാരാണ് എടുക്കുന്നത്. ലോട്ടറി എടുക്കുന്നതിനുവേണ്ടി മാത്രം ആഴ്ചകളോളം ഇവിടെ വാടകയ്ക്ക് മുറിയെടുത്തു താമസിക്കുന്നവരുമുണ്ട്. ഇത്തവണ റെക്കോർഡ് വില്പനയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. മുൻ വർഷത്തേക്കാൾ ബംബർ ടിക്കറ്റുകൾക്ക് ഡിമാൻഡ് കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു. പാലക്കാടിനൊപ്പം കണ്ണൂർ ടിക്കറ്റുകൾക്കും ഇത്തവണ ആവശ്യക്കാർ ഏറയാണ്. അതിനാൽ വരും ദിവസങ്ങളിൽ വിൽപന കൂടാനാണ് സാധ്യത. കഴിഞ്ഞവർഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈമാസം 27നാണ് നറുക്കെടുപ്പ്. നിലവിലെ സ്ഥിതി പരിഗണിച്ചാൽ ആ റെക്കോർഡ് മറികടന്നാലും അത്ഭുതപ്പെടാനില്ലെന്ന് ലോട്ടറി വ്യാപാരികൾ സാക്ഷ്യപെടുത്തുന്നു.