ഓണത്തിരക്കിലമർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ

Tuesday 09 September 2025 12:58 AM IST

നെല്ലിയാമ്പതി/കൊല്ലങ്കോട്: ഓണമഘോഷിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ ഒഴുകിയെത്തിയതോടെ ഉദ്യാനറാണിക്കും റെക്കാർഡ് വരുമാനം. മലമ്പുഴ ഉദ്യാനത്തിന് പുറമേ നെല്ലിയാമ്പതി, മംഗലംഡാം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലും വലിയ തിരക്കാണനുഭവപ്പെട്ടത്. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ മാത്രം 43,617 സന്ദർശകരാണ് മലമ്പുഴയിലെത്തിയത്. വരുമാനം 11.45 ലക്ഷം രൂപ. തിരുവോണത്തിന് 14520 പേരെത്തിയതിലൂടെ 3.10 ലക്ഷം ലഭിച്ചപ്പോൾ അവിട്ടത്തിന് 23,410 സന്ദർശകർ എത്തിയതിലൂടെ 6.2 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്.

മലമ്പുഴ ഉദ്യാനത്തിന് പുറമേ സ്‌നേക് പാർക്ക്, റോപ്പ് വേ, ഫിഷ് അക്വേറിയം, റോക്ക് ഗാർഡൻ എന്നിവിടങ്ങളിലും തിരക്കായിരുന്നു. ഓണഘോഷത്തിന്റെ ഭാഗമായി പാർക്കുകളിൾ ഉൾപ്പെടെ സന്ദർശകർക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിച്ചിരുന്നു.

 നെല്ലിയാമ്പതിയും പോത്തുണ്ടിയും അനുഭവിച്ച് സഞ്ചാരികൾ പതിവുതെറ്റിക്കാതെ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും ഓണത്തിന് വലിയ തിരക്കനുഭവപ്പെട്ടു. മഴമാറിനിന്നത് സന്ദർശകർക്ക് അനുഗ്രഹമായി. പോത്തുണ്ടി ചെക്ക്‌പോസ്റ്റിലൂടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ച മാത്രം രണ്ടായിരത്തിലേറെ വാഹനങ്ങൾ കടന്നുപോയി. 10000 ലേറെയാളുകൾ ഒറ്റദിവസം കൊണ്ട് നെല്ലിയാമ്പതി സന്ദർശിച്ചതായതാണ് കണക്ക്.

പോത്തുണ്ടി ഉദ്യാനത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഗാനമേളയും ദീപാലങ്കാരങ്ങളും ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ഉദ്യാനത്തിൽ 6500 ലേറെ പേരെത്തിയതായി ഡിടിപിസി അധികൃതർ പറഞ്ഞു. ഉദ്യാനത്തിന് പുറമെ നിറഞ്ഞുനിൽക്കുന്ന അണക്കെട്ട് കാണാൻ അണക്കെട്ടിനു മുകളിലേക്കും വിനോദസഞ്ചാരികളുടെ തിരക്കായിരുന്നു. ഉദ്യാനത്തിന് പുറത്തും വാഹന പാർക്കിംഗ് രണ്ട് കിലോമീറ്ററോളം ദൂരം നീണ്ടു.

 കൊല്ലങ്കോടുകണ്ട് 'കുടുങ്ങി'

കൊല്ലങ്കോടിന്റെ ഗ്രാമീണ സൗന്ദര്യം കാണാനെത്തിയവർ അക്ഷരാർത്ഥത്തിൽ കുടുങ്ങി. ഓണാവധിക്ക് ടൂ വീലറിലും കാറിലും ട്രാവലറിലുമായെത്തിയവർ മണിക്കൂറുകളാണ് ഗതാഗതകുരുക്കിൽപ്പെട്ടത്.

കൊല്ലങ്കോട് ടൗൺ, നെന്മേനി, ചെല്ലൻചേട്ടന്റെ ചായക്കട, താമരപ്പാടം, വേങ്ങപ്പാറ, സീതാർകുണ്ട് എന്നിവിടങ്ങളിലായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷം.