വിജിലിന്റെ മരണം: മൃതദേഹാവശിഷ്ടങ്ങൾക്കായി തെരച്ചിൽ ഊർജ്ജിതം
@ പ്രതികളുമായി തെളിവെടുത്തു
കോഴിക്കോട്: ലഹരി ഉപയോഗത്തിനിടെ മരിച്ചുവെന്ന് പ്രതികൾ വെളിപ്പെടുത്തിയ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി പരിശോധന പുനരാരംഭിച്ചു. സരോവരത്തിന് സമീപത്തെ ചതുപ്പിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. മഴയെ തുടർന്ന് ചതുപ്പിൽ കെട്ടികിടക്കുന്ന വെള്ളവും ചെളിയും മോട്ടോർ ഉപയോഗിച്ച് വറ്റിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ചെളിയിലെ മരത്തടികളും മറ്റും ഇന്നലെ മാറ്റി. ഇന്ന് ചെളി പൂർണമായും മാറ്റിയ ശേഷം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡി സെന്ററിന്റെ (എൻ.സി.ഇ.എസ്.എസ്.സി) സഹായത്തോടെ മൃതദേഹത്തിനായി ലാൻഡ് പെനിറ്റ്‌റൈറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. അഞ്ചു മുതൽ 10 മീറ്റർ വരെ ആഴത്തിലുള്ള മൃതദേഹാവശിഷ്ടങ്ങൾ ഇതുവഴി കണ്ടെത്താനാകും. ഇന്നലെ കഡാവർ നായകളെ സ്ഥലത്തെത്തിച്ചെങ്കിലും പരിശോധന നടന്നില്ല. കേസിലെ പ്രതികളായ കെ.കെ നിഖിൽ , ദീപേഷ് എന്നിവരെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയിൽ താഴ്ത്തുകയായിരുന്നുവെന്നാണ് മൊഴി.