യോജിച്ച പ്രവർത്തനത്തിന് സിനിമാ സംഘടനകൾ

Tuesday 09 September 2025 1:35 AM IST

കൊച്ചി: സിനിമാമേഖലയുടെ വളർച്ച, സർക്കാരുമായി ആശയവിനിമയം, പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരം കാണൽ, എന്നീ ലക്ഷ്യങ്ങൾക്കായി വിവിധ സംഘടനകൾ ഒരുമിക്കുന്നു. സർക്കാർ തയ്യാറാക്കുന്ന സിനിമാനയത്തെ അനുകൂലിച്ച് പിന്തുണയ്‌ക്കാനും പ്രതികൂല നിർദ്ദേശങ്ങളെ തിരുത്താനുമായി രംഗത്തിറങ്ങാനും കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.

ചേംബർ അംഗങ്ങളായ നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്ററുടമകൾ എന്നിവരുടെ സംഘടനകൾക്ക് പുറമെ താരസംഘടന അമ്മ, ഫെഫ്‌ക എന്നിവയുടെ ഭാരവാഹികളും ഓണാഘോഷത്തിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുത്തു. ഓണത്തിന് മുമ്പേ സിനിമാമേഖല ഉണർവ് നേടിയതായി ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി.തോമസ് പറഞ്ഞു. ഹിറ്റ് സിനിമകൾ തിയേറ്ററുകൾക്കും വ്യവസായത്തിനും കരുത്തായി. സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒറ്റമേശയ്‌ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്തു പരിഹരിക്കുമെന്ന് ചേംബർ ജനറൽ സെക്രട്ടറി സോണി ജോസഫ് പറഞ്ഞു. സംഘടനകൾ തമ്മിൽ കൂട്ടായ പ്രവർത്തനത്തിനും ചർച്ചകൾക്കും വഴിയൊരുക്കും.

അമ്മ പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഫിയോക് ചെയർമാനും നടനുമായ ദിലീപ്, ഫെഫ്‌ക പ്രസിഡന്റ്, മാക്‌ടയുടെ പ്രസിഡന്റ് ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി തുടങ്ങിയവർ പങ്കെടുത്തു.

സിനിമാമേഖല ചരിത്രകാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഒത്താെരുമിച്ച് സിനിമയെ ഏറെ നന്നായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.

ശ്വേതമേനോൻ

അമ്മ പ്രസിഡന്റ്

സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌താൽ തീരും. പരസ്പരം ചെളിവാരിയെറിയുന്നത് അവസാനിപ്പിക്കാം.

ദിലീപ്, നടൻ