പിന്നാക്കമായ വിദ്യാർത്ഥികൾക്ക് ആക്ഷൻപ്ലാൻ തയാറാക്കണം:ശിവൻകുട്ടി

Tuesday 09 September 2025 12:36 AM IST

തിരുവനന്തപുരം: പാദവാർഷിക പരീക്ഷയ്ക്കു ശേഷം പഠനത്തിൽ പിന്നാക്കമായ കുട്ടികൾക്ക് പഠനപിന്തുണ നൽകാൻ സ്‌കൂളുകൾ ആക്ഷൻപ്ലാൻ തയ്യാറാക്കണം മന്ത്രി വി.ശിവൻകുട്ടി. പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്കാണിത്. മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ ഇന്ന് വിദ്യാർത്ഥികൾക്ക് നൽകണം. 10നും 20നും ഇടയിലുള്ള ക്ലാസ് പി.ടി.എ യോഗങ്ങൾ വിളിച്ചുചേർക്കണം. സബ്ജക്ട് കൗൺസിൽ, സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആലോചിച്ചാണ് ആക്ഷൻപ്ലാൻ തയ്യാറാക്കേണ്ടത്. ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിൽ നേരിട്ടെത്തി പഠനപിന്തുണ നൽകണം. പ്രവർത്തനങ്ങളുടെ സമഗ്രറിപ്പോർട്ട് എസ്.എസ്.കെ. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. എ.ഇ.ഒ., ഡി.ഇ.ഒ. എന്നിവർ റിപ്പോർട്ടുകൾ 25നകം ഡി.ഡി.ഇ.മാർക്ക് കൈമാറണം. ഡി.ഡി.ഇ.മാർ ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നിരന്തര മൂല്യനിർണയത്തിൽ കുട്ടികളുടെ കഴിവുകൾക്കനുസരിച്ച് മാത്രമേ മാർക്ക് നൽകാവൂ. നിരന്തരമൂല്യനിർണയത്തിൽ ഫുൾ മാർക്ക് നൽകുന്ന പ്രവണത കണ്ടുവരുന്നതായും കഴിവുകൾക്കനുസരിച്ചാണ് മാർക്കെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.