സി.ബി.എസ്.ഇ പരിഷ്‌കാരം: വ്യക്തത തേടി സ്‌കൂളുകൾ
കൊച്ചി: വിദ്യാർത്ഥികളുടെ അപാർ ഐ.ഡി നടപ്പാക്കാൻ കൂടുതൽ സമയം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സി.ബി.എസ്.ഇ എന്നിവയ്‌ക്ക് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള, നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് എന്നിവയുടെ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. അനുഭാവസമീപനം സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചതായി കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് വ്യക്തിഗത ഡിജിറ്റൽ തിരിച്ചറിയൽ നമ്പരായ അപാർ ഐ.ഡി നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ഈമാസം 30നകം പൂർത്തിയാക്കണമെന്ന് സി.ബി.എസ്.ഇ നിർദ്ദേശിച്ചിരുന്നു.
അപാർ ഐ.ഡി ഓരോ വിദ്യാർത്ഥിക്കും ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന, അവരുടെ വിദ്യാഭ്യാസകാലം മുഴുവനും ഏകീകൃതമായി രേഖപ്പെടുത്തുന്ന ഡിജിറ്റൽ ഐ.ഡിയാണ്. ഇതിലൂടെ അക്കാഡമിക് റെക്കാർഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും സ്‌കൂൾ, സംസ്ഥാന മാറ്റങ്ങൾ എളുപ്പമാക്കാനും കഴിയും. വിവരങ്ങൾ ഓൺലൈനിൽ സമർപ്പിക്കൽ, ടെക്‌നോളജി സൗകര്യം, മാതാപിതാക്കൾക്കുള്ള ബോധവത്കരണം എന്നിവ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിടുന്നതാണ് സ്‌കൂളുകൾ നേരിടുന്ന പ്രധാന പ്രശ്‌നം.
സി.ബി.എസ്.ഇ ചെയർമാൻ, സെക്രട്ടറി, എക്‌സാമിനേഷൻ കൺട്രോളർ തുടങ്ങിയവരുമായി ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ വിവരിച്ചു. രജിസ്‌ട്രേഷന് കൂടുതൽ സമയം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചു.