എസ്.എഫ്.ഐ നേതാവിനെ പഞ്ഞിക്കിട്ടത് ഇടത് പൊലീസ് നേതാവ്

Tuesday 09 September 2025 12:00 AM IST
പൊലീസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിവേദനം ഡി.വൈ.എസ്.പി മധു ബാബു അടങ്ങുന്ന സംഘം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകുന്നു.

തിരുവനന്തപുരം: ഇടിയൻ പൊലീസുകാരിൽ ഇടതുപക്ഷ സംഘടനാനേതാവും ഉൾപ്പെട്ടത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിനെതിരെയാണ് പരാതികൾ പെരുകുന്നത്. ഡിവൈ.എസ്.പിമാരുടെ സംഘടനയായ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററാണ് ഇദ്ദേഹം. രണ്ടു മാസം മുൻപായിരുന്നു അസോസിയേഷൻ തിരഞ്ഞെടുപ്പ്. കഴി‌ഞ്ഞ മാസം 26ന് അദ്ദേഹവും സഹ ഭാരവാഹികളും മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടിരുന്നു. പൊലീസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളടങ്ങിയ നിവേദനവും ഈ പൊലീസുകാരൻ നൽകി.

മധുബാബു കോന്നി സി.ഐയായിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി പത്തനംതിട്ടയിലെ മുൻ എസ്.എഫ്.ഐ നേതാവ് ജയകൃഷ്ണനാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം പരാതികളുയർന്നു. അതിനിടെ, 2012ൽ ജയകൃഷ്ണനെ മർദ്ദിച്ച സംഭവത്തിൽ മധുബാബുവിനെതിരെ നടപടി ശുപാർശ ചെയ്ത് ജില്ലാ പൊലീസ് സൂപ്രണ്ട് പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തായി. 2016 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ, ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

ഇടിയൻ പൊലീസുകാർക്കെതിരായ ആരോപണങ്ങൾ പൂഴ്‌ത്തി അത്തരക്കാരെ അസോസിയേഷനുകൾ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. മധുബാബു ഉൾപ്പെട്ട ഇടത് അനുകൂല പാനലാണ് ഇപ്പോൾ പൊലീസ് സംഘടനകൾ നയിക്കുന്നത്. നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ആലപ്പുഴയിൽ ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയായി മധുബാബുവിനെ നിയമിച്ചതിന് പിന്നിലും രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് വിവരം.

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് നൽകിയിരുന്നു. അതിന്മേൽ കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.