ലഹരി ഉപയോഗം: കർമ്മപദ്ധതി

Tuesday 09 September 2025 1:43 AM IST

തിരുവനന്തപുരം : വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് പുതിയ കർമപരിപാടികൾക്ക് രൂപം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലഹരി ഉപഭോഗം, സ്വഭാവ വ്യതിയാനം എന്നിവ കണ്ടെത്തി കുട്ടികൾക്ക് പ്രാഥമിക കൗൺസിലിംഗ് നൽകാൻ അദ്ധ്യാപകരെ സജ്ജരാക്കും. ഇതിനായി 'ലഹരി വിരുദ്ധ അസംബ്ലി' എന്ന പദ്ധതിക്ക് കീഴിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിൽ മാസ്റ്റർ ട്രെയിനർമാർ എന്ന നിലയിൽ 120 അദ്ധ്യാപകർക്ക് ക്ലാസുകൾ നൽകിയിരുന്നു. രണ്ടാമത്തെ ബാച്ചിൽ ഉൾപ്പെട്ട 80 പേർക്ക് ഈ മാസം 15,16,17 തീയതികളിൽ തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നൽകും. ഈ മാസ്റ്റർ ട്രെയിനർമാർ വഴി ഡിസംബർ 31നകം 80,000 അദ്ധ്യാപകർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.