ടെറ്റ് നിർബന്ധം: പുനഃപരിശോധനാ ഹർജിക്ക് സർക്കാർ
Tuesday 09 September 2025 1:50 AM IST
തിരുവനന്തപുരം: അഞ്ച് വർഷത്തിലേറെ സർവീസുള്ള സ്‌കൂൾ അദ്ധ്യാപകർക്ക് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിന്മേൽ പുനഃപരിശോധനാ ഹർജി നൽകുകയോ കൂടുതൽ വ്യക്തത തേടുകയോ ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ നിയമവിദഗ്ധരുമായി ചർച്ച നടക്കുകയാണ്. 5വർഷത്തിലേറെ സർവീസുള്ള അദ്ധ്യാപകരെല്ലാം രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടണമെന്നും അല്ലാത്തപക്ഷം പുറത്തുപോകേണ്ടി വരുമെന്നുമാണ് കോടതിവിധി.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് അഞ്ച് വർഷത്തിൽ താഴെ സർവീസുള്ള അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റത്തിനും ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ നിയമം നിലവിൽ വരുന്നതിനു മുൻപ് ജോലിയിൽ പ്രവേശിച്ചവർക്ക് ഇത് ബാധകമാക്കിയത് വിദ്യാഭ്യാസരംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. വിധി അരലക്ഷത്തോളം അദ്ധ്യാപകരെ ബാധിക്കും.