യോഗം തിരഞ്ഞെടുപ്പ്: അപ്പീലുകൾ തീർപ്പാകും വരെ സ്റ്റേ തുടരും
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്പീലുകൾ തീർപ്പാകും വരെ ഇതുസംബന്ധിച്ച നടപടികളിലെ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. യോഗം അടക്കം ഫയൽചെയ്ത അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അപ്പീലുകളിൽ ഒക്ടോബർ 6ന് വാദം കേൾക്കും.
തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ അവകാശപ്രകാരം വോട്ടിംഗ് അനുവദിക്കുന്ന യോഗം ബൈലായിലെ വ്യവസ്ഥ സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്ന് ഉത്തരവിടുകയും ചെയ്തു. കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമാണ് യോഗത്തിന് ബാധകമാവുകയെന്നും തീരുമാനമുണ്ടായി. ഇതിനെതിരെയുള്ള നാല് അപ്പീലുകളാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.
എസ്.എൻ.ഡി.പി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് യൂണിയനുകളും ശാഖകളുമുള്ള കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാർ ഒഫ് കമ്പനീസ് (കേരള) എം. അരുൺ പ്രസാദിന്റെ വിശദീകരണം. കഴിഞ്ഞ തവണ അപ്പീലുകൾ പരിഗണിച്ച മറ്റൊരു
ബെഞ്ച്, വിഷയം കമ്പനികാര്യ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഉചിതമായ ബെഞ്ചിന് വിടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെത്തിയത്.