വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനമേറ്റെന്ന്  കർഷകൻ

Tuesday 09 September 2025 12:15 AM IST

മലപ്പുറം: അഞ്ച് വർഷം മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനമേറ്റെന്ന ആരോപണവുമായി കർഷകനും പൊതു പ്രവർത്തകനുമായ മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി ബൈജു ആൻഡ്രൂസ്. 2020ലായിരുന്നു സംഭവം. ബൈജുവിനൊപ്പം കപ്പ കൃഷി നോക്കി നടത്തിയിരുന്നയാളെ മാനിനെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റ് ചെയ്തു. ഇത് അന്വേഷിച്ചതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഫോൺ വാങ്ങി വച്ച ശേഷം അഞ്ച് ഉദ്യോഗസ്ഥർ ഒരു മുറിയിലേക്ക് തള്ളിയിട്ട് വായിൽ തുണി തിരുകി. പുറത്ത് കയറിയിരുന്നും ബൂട്ടിട്ടും മർദ്ദിച്ചു. തല കറങ്ങി കട്ടിലിലേക്ക് വീണപ്പോൾ വലിച്ച് താഴെയിട്ട് മർദ്ദിച്ചു. കൈ പിന്നിലേക്ക് തിരിച്ച് വാരിയെല്ലിന് ചവിട്ടി. തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. മർദ്ദന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന് നിത്യരോഗിയായി. പിന്നീട് കേസിൽ പ്രതിയാക്കി. ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്. കൊവിഡ് കാലമായതിനാൽ അന്ന് വിചാരണ ഓൺലൈനിലായിരുന്നു. ജഡ്ജിയോട് മർദ്ദന വിവരം തുറന്നു പറയാനായില്ല. കൃഷി ഉപേക്ഷിക്കേണ്ടി വന്നു. മുഖമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകും. വിട്ടുമാറാത്ത ചുമ, രക്തം ഛർദ്ദിക്കൽ, കാഴ്ചക്കുറവ്, കേൾവിക്കുറവ് എന്നിവയ്ക്ക് ചികിത്സ തുടരുന്നുണ്ടെന്നും ബൈജു പറഞ്ഞു.