പൊലീസ് കാടത്തം, പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് ആയുധം
തിരുവനന്തപുരം: പൊലീസിന്റെ കാടത്തം തുറന്നുകാട്ടുന്ന സംഭവങ്ങൾ തുടർച്ചയായി പുറത്തുവരുന്നത് സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പൊലീസ് അതിക്രമങ്ങൾ സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുകയാണ് യു.ഡി.എഫ്. നാളെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലും തൊട്ടു പിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സർക്കാരിനെതിരെയുള്ള പ്രധാന ആയുധമാക്കി പൊലീസ് ക്രൂരത മാറ്റുകയാണ് ലക്ഷ്യം.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് മർദ്ദന ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായതിന് പിന്നാലെ കൂടുതൽ അപേക്ഷകൾ വിവരാവകാശ കമ്മിഷനിൽ എത്തുന്നുണ്ട്. ഒമ്പതു വർഷമായി സംസ്ഥാനത്ത് നടന്ന പൊലീസ് ക്രൂരതകൾ തുടർച്ചയായി പുറത്തുവന്നാൽ സർക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കും. പുറത്തു വരുന്ന ദൃശ്യങ്ങളും തെളിവുകളും സോഷ്യൽ മീഡിയ വഴി ആവർത്തിച്ച് ജനങ്ങളിലേക്ക് എത്തുകയാണ്.
ഇടതുമുന്നണിയിൽ പൊലീസ് ക്രൂരത ചർച്ചയായിട്ടില്ലെങ്കിലും സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ പലേടത്തും പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാലേ സർക്കാരിന് തലഉയർത്തി നിൽക്കാനാവൂ. തുടർച്ചയായി നടപടി സ്വീകരിക്കേണ്ടി വരുന്നതും തിരിച്ചടിയാവും. മോശം ഭരണത്തിന്റെ മായാത്ത തെളിവുകളായി അതുമാറും.
സമരം കടുക്കും
കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വി.എസ് സുജിത്തിനെ മർദ്ദിച്ചവരെ പിരിച്ചുവിടുംവരെ സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം. യു.ഡി.എഫ് അനുകൂല യുവജന സംഘടനകളും പ്രക്ഷോഭരംഗത്തേക്ക് വരാൻ ആലോചിക്കുന്നുണ്ട്. ഈ മാസം പകുതിയോടെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. നിയമസഭയിലും പ്രതിപക്ഷം ശക്തമായ ആക്രമണം അഴിച്ചുവിടും.
``പൊലീസിലെ കുഴപ്പക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.സർക്കാർ നടപടി സ്വീകരിക്കും. പല സംഭവങ്ങളും വളരെ നേരത്തെ നടന്നതാണ്. ഇടതു സർക്കാരിന്റെ കാലത്തേതല്ല.``
-എം.വി.ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
സുഹൈറിനെ പുറത്താക്കണമെന്ന് സുജിത്തിന്റെ പരാതി
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ തന്നെ മർദ്ദിച്ച പൊലീസുകാരുടെ സംഘത്തിലുണ്ടായിരുന്ന അഞ്ചാം പ്രതി സുഹൈറിനെതിരെ ജോലിയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത് തദ്ദേശവകുപ്പിന് പരാതി നൽകി. തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർക്കാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇ മെയിൽ വഴി പരാതി അയച്ചത്. സുഹൈർ ഇപ്പോൾ പഴയന്നൂർ പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്.
പൊലീസുകാരന്റെ വീട്ടിലേക്കുള്ള യൂത്ത് കോൺ.മാർച്ചിൽ സംഘർഷം
കൊല്ലം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ച സംഭവത്തിൽ സി.പി.ഒ സന്ദീപിന്റെ ചവറയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ജനറൽ സെക്രട്ടറി ചൈത്ര ഡി.തമ്പാൻ,കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ,നിയോജക മണ്ഡലം സെക്രട്ടറി ജാക്സൺ എന്നിവർക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു.